mod

കോന്നി: ഇടത്, വലതു മുന്നണികളുടെ ഏഴു പാപങ്ങളിൽ നിന്ന് കേരള ജനത മോചിതരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻ.ഡി.എ വിജയ് റാലിയിലായിരുന്നു, ഏഴ് പാപങ്ങൾ എണ്ണിപ്പറഞ്ഞ് മോദിയുടെ പ്രസംഗം.

ഒന്ന്: ദുരഭിമാനവും അഹങ്കാരവുമാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും. ഒരിക്കലും തങ്ങളെ പരാജയപ്പെടുത്താനാവില്ലെന്ന് അവർ കരുതുന്നു. ജനങ്ങളിൽ നിന്ന് അവർ അകന്നു.

രണ്ട്:പണത്തോട് അത്യാർത്തി. സോളാർ തട്ടിപ്പ്, ഡോളർ തട്ടിപ്പ്, സ്വർണക്കടത്ത്, ഭൂമി തട്ടിപ്പ്, ബാർ കോഴ... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പട്ടികയുണ്ട് ഇരുവർക്കും.

മൂന്ന്: ജനങ്ങളോ‌ട് ഒടുങ്ങാത്ത പകയാണ് ഇരു മുന്നണികൾക്കും. സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ട സർക്കാർ കേരളത്തിലല്ലാതെ മറ്റെവിടെയുമില്ല.

നാല്: അഴിമതിയുടെ കാര്യത്തിൽ ഒരു മുന്നണി മറ്റേ മുന്നണിയോട് മത്സരിക്കുന്നു. ഒരു മുന്നണി ഒരു രൂപ അധികമുണ്ടാക്കിയാൽ അതിനേക്കാൾ ഉണ്ടാക്കാനാണ് രണ്ടാമത്തെ മുന്നണി ആഗ്രഹിക്കുന്നത്.

അഞ്ച്: അധികാരക്കൊതിയിൽ വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കുന്നു. മുസ്ളീം സ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടിയെടുത്തപ്പോൾ മുസ്ളീം ലീഗ് എതിർത്തു. എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും സമൂഹിക നീതിയുടെ കാര്യത്തിൽ പിന്തിരിപ്പൻ നിലപാട് എടുക്കുന്നു. അവരുമായി ചങ്ങാത്തത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും.

ആറ്: രണ്ട് മുന്നണികളിലെയും നേതാക്കന്മാരുടെ മക്കളുട‌െ ചെയ്തികൾ കേരളം കണ്ടു. ഇടതുപക്ഷത്തെ വലിയൊരു നേതാവിന്റെ മകന്റെ വിക്രിയകളെപ്പറ്റി അധികം പറയാനാഗ്രഹിക്കുന്നില്ല.

ഏഴ്: നിഷ്ക്രിയത്വമാണ് ഈ മുന്നണികളുടെ മുഖമുദ്ര. കുടുംബാധിപത്യവും വോട്ടുബാങ്ക് രാഷ്ട്രീയവും വളർത്താൻ ശ്രമിക്കുന്നവർക്ക് ഭരണം അപ്രധാനമാണ്.

ഈ സപ്തപാപങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, സംസ്ഥാന സമിതിയംഗം വി.എൻ. ഉണ്ണി എന്നിവർക്കൊപ്പം, ആറന്മുള, റാന്നി, അടൂർ, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ ബിജു മാത്യു, കെ. പദ്മകുമാർ, പന്തളം പ്രതാപൻ, അശോകൻ കുളനട, എം.വി ഗോപകുമാർ, കെ.സഞ്ജു തുടങ്ങിയവർ പങ്കെടുത്തു.