തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് തിരഞ്ഞെടുപ്പു പ്രചാരണത്തെ കോമാളിക്കളിയാക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്. വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും തമ്മില്‍ വഴിവിട്ട കരാറെന്ന ചെന്നിത്തലയുടെ ആരോപണത്തിനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഐസക് മറുപടി നൽകിയിരിക്കുന്നത്. കേരളത്തിലെ വൈദ്യുതി ബോർഡും അദാനിയും ഗ്രൂപ്പും തമ്മിൽ ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. പച്ചക്കള്ളമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. , പ്രതിപക്ഷ നേതാവ് സൃഷ്ടിക്കുന്ന ശബ്ദമലിനീകരണങ്ങളുടെ പട്ടികയിൽ ഒരു ആരോപണം കൂടിയായെന്നും ഐസക് കുറിച്ചു.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് തെരഞ്ഞെടുപ്പു പ്രചരണത്തെ കോമാളിക്കളിയാക്കുകയാണ് പ്രതിപക്ഷ നേതാവ്. വൈദ്യുതി ബോര്‍ഡും അദാനി ഗ്രൂപ്പും തമ്മില്‍ വഴിവിട്ട കരാറെന്ന ആരോപണവുമായാണ് അദ്ദേഹം ഇന്ന് രംഗത്തിറങ്ങിയത്. വൈദ്യുതി മന്ത്രി സഖാവ് എം എം മണി വിശദമായി കാര്യങ്ങൾ വ്യക്തമാക്കിയതോടെ, പ്രതിപക്ഷ നേതാവ് സൃഷ്ടിക്കുന്ന ശബ്ദമലിനീകരണങ്ങളുടെ പട്ടികയിൽ ഒരു ആരോപണം കൂടിയായി.
കേരളത്തിലെ വൈദ്യുതി ബോർഡും അദാനിയും ഗ്രൂപ്പും തമ്മിൽ ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. പച്ചക്കള്ളമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ഇനി ബാക്കി വസ്തുതകൾ നോക്കാം. കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി കരാറുണ്ടാക്കിയിരിക്കുന്നത് Solar Power Corporation of India എന്ന കേന്ദ്ര സർക്കാർ സ്ഥാപനവുമായിട്ടാണ്. അതിലെന്ത് അഴിമതി? 200 MW വൈദ്യുതി വാങ്ങാൻ 2019 ജൂണിലും 100 MW വൈദ്യുതി വാങ്ങാൻ 2019 സെപ്റ്റംബറിലുമാണ് കരാറിലേർപ്പെട്ടത്. ഇവയടക്കം എല്ലാ വൈദ്യുതി വാങ്ങൽ കരാറുകളും KSEB യുടെ വെബ് സൈറ്റിൽ അപ്പപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാം സുതാര്യമാണ്. സർക്കാരിനൊന്നും ഒളിക്കാനില്ല.
കേന്ദ്രസർക്കാർ സ്ഥാപനമായ SEClആണ് ഇതര വൈദ്യുതി ഉൽപാദകരുമായി കരാറിൽ ഏർപ്പെടുന്നത്. ടെൻഡർ നടപടിയിലൂടെയാണ് കരാർ ഉറപ്പിക്കുക. അങ്ങനെ ഉറപ്പിച്ച കരാറിന്റെ അടിസ്ഥാനത്തിൽ അദാനി വിൻഡ് എനർജി (75 MW), സെനാട്രിസ് വിൻഡ് എനർജി (125 MW), സ്പ്രിങ്ങ് വിൻഡ് എനർജി (100 MW) എന്നിവരിൽ നിന്നാകും KSEB യ്ക്ക് വൈദ്യുതി നല്കുക എന്ന വിവരം 2020ൽത്തന്നെ സർക്കാരിനെ അറിയിച്ചിരുന്നു.
ഇതിൽ 25 MW അദാനി വിൻഡ് എനർജിയിൽ നിന്നും 2021 മാർച്ച് മുതൽ ലഭ്യമായിട്ടുണ്ട്. തികച്ചും സുതാര്യമായ നടപടിക്രമങ്ങള്‍ പാലിച്ച് ദേശീയാടിസ്ഥാനത്തില്‍ ടെണ്ടര്‍ ചെയ്ത് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് SECI വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത്. ഇതുപ്രകാരം കേരളത്തിന് അലോട്ട് ചെയ്തിട്ടുള്ള വിഹിതം വാങ്ങുക എന്നതിനപ്പുറം കെഎസ്ഇബിയ്ക്ക് ഒന്നും ചെയ്യാനില്ല. കരാറില്‍ ഏര്‍പ്പെട്ടു എന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്.
അദാനിയുമായി നേരിട്ട് കരാര്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് SECI മുഖാന്തിരം കരാര്‍ ഉണ്ടാക്കിയെന്നൊക്കെ ആരോപിക്കുന്നത് വിടുവായത്തമാണ്. SECI പാരമ്പര്യേതര ഊര്‍ജ്ജ വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമാണ് എന്ന കാര്യം പ്രതിപക്ഷ നേതാവിന് അറിയാത്തതല്ല. ഒരാളെങ്കിലും തെറ്റിദ്ധരിച്ചാൽ അത്രയുമായല്ലോ.
കാറ്റാടി, സോളാര്‍ എന്നിങ്ങനെ വിവിധ അക്ഷയ ഊര്‍ജ്ജ മേഖലകളിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് SECI. പത്തോളം വിവിധ ടെണ്ടറുകളിലൂടെ ഇതിനകം 10,000 മെഗാവാട്ടിന്റെ കാരാറുകളില്‍ SECI ഏര്‍പ്പെട്ടിട്ടുണ്ട്. അദാനിയടക്കം 20ഓളം കമ്പനികളുമായി SECI ഇതിനകം കരാര്‍ വെച്ചിട്ടുണ്ട്.
ഇതില്‍ കുറഞ്ഞ ഒരു ഭാഗം മാത്രമേ അദാനി വിന്റ് പവറിന് ലഭിച്ചിട്ടുള്ളൂ. ഒന്നിച്ചു ചേര്‍ത്ത് ടെണ്ടര്‍ വിളിക്കുന്നതിലൂടെ കുറഞ്ഞ നിരക്കില്‍ കരാറുകള്‍ ഉണ്ടാക്കാന്‍ SECIക്ക് കഴിയുന്നുണ്ട്. ഈ നേട്ടം ഉപയോഗപ്പെടുത്തുക മാത്രമാണ് കേരളം ചെയ്തിട്ടുള്ളത്. അല്ലാതുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്.