
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എൻഡിഎയുടെ പ്രചാരണത്തിനായി പ്രധാന മന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയ മോദി പദ്മനാഭ സ്വാമിയെയും ആറ്റുകാലമ്മയെയും കുറിച്ച് പറഞ്ഞുകൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. പദ്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാൽ, വെള്ളായണി, ആഴിമല, എന്നീ ക്ഷേത്രങ്ങളുടെ നാടാണ് തിരുവനന്തപുരമെന്നും, സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങളുടെ നാടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെയും എൽഡിഎഫിനെയും ഒരുപോലെ പരിഹസിച്ച മോദി, 'കോമ്രേഡ് കോൺഗ്രസ് പാർട്ടി'യാണ് കേരളത്തിലുള്ളതെന്നും പറഞ്ഞു. എൽഡിഎഫും യുഡിഎഫും ഇരട്ടകളാണെന്നു പറഞ്ഞുകൊണ്ടാണ് മോദി ഇരു മുന്നണികളെയും 'സിസിപി' എന്ന് വിളിച്ചത്. ഇരുമുന്നണികളും ലയിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
'നിയമസഭയിലേക്ക് ആദ്യമായി ബിജെപിക്ക് സീറ്റ് നൽകിയ നാടാണ് തിരുവനന്തപുരം. വർഗീയത, ദുർഭരണം, സ്വജനപക്ഷപാതം, അക്രമം എന്നീ കാര്യങ്ങളിൽ യുഡിഎഫും എൽഡിഎഫുംഇരട്ടസഹോദരങ്ങളാണ്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഇരുമുന്നണികളും കൂടുതൽ അടുക്കുകയാണ്. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രിയായിരുന്നു കടകംപള്ളി സുരേന്ദ്രൻ. എന്നാൽ അദ്ദേഹം വിശ്വാസികൾക്കെതിരെയുള്ള നീക്കങ്ങളുടെ ആസൂത്രകനായി.'-പ്രധാനമന്ത്രി പറഞ്ഞു.
വിശ്വാസികൾക്ക് എതിരെയുള്ള ബുദ്ധികേന്ദ്രമായി തിരുവനന്തപുരത്തെ ഒരു മന്ത്രി പ്രവർത്തിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ദേവസ്വം മന്ത്രിയുടെ കാര്യം പറഞ്ഞത്. മലയാളത്തിൽ നമസ്കാരം പറഞ്ഞുകൊണ്ട് തന്റെ പ്രസംഗം ആരംഭിച്ച മോദി തിരുവനന്തപുരം ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും കർമ്മമണ്ഡലമായിരുന്നു തിരുവനന്തപുരമെന്നും ഓർമ്മിപ്പിച്ചു. ഐഎസ്ആർഒ ചാരക്കേസിൽ കുറ്റാരോപിതനായിരുന്ന നമ്പി നാരായണനെ കുറിച്ചും മോദി സംസാരിച്ചു. കോൺഗ്രസിലെ ഗ്രൂപ്പിസമാണ് അദ്ദേഹത്തെ തകർത്തതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.