ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പീഡനം മൂലമാണ് മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും മരിച്ചതെന്ന വിവാദ പ്രസ്താവനയുമായി തമിഴ് നടൻ ഉദയനിധി സ്റ്റാലിൻ.
സുഷമ മരിച്ചത് മോദി ഉയർത്തിയ സമ്മർദം താങ്ങാൻ സാധിക്കാതെയായിരുന്നു. അരുൺ ജെയ്റ്റ്ലിയുടെ മരണത്തിന് കാരണം മോദിയുടെ പീഡനമാണെന്നും ഉദയനിധി പറഞ്ഞു. മുതിർന്ന ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡുവിനെ പോലുള്ളവരെ മോദി ഒതുക്കി. നിങ്ങൾ എല്ലാവരെയും ഒതുക്കി. ഞാൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയല്ല. നിങ്ങൾക്ക് മുന്നിൽ ഒരിക്കലും തലകുനിക്കില്ല. താൻ കലൈഞ്ജറുടെ പേരക്കുട്ടിയാണെന്ന് ഉദയനിധി പറഞ്ഞു.
അതേസമയം, ഉദയനിധിയുടെ പ്രസ്താവനക്കെതിരെ ജെയ്റ്റ്ലിയുടേയും സുഷമയുടേയും മക്കൾ രംഗത്തെത്തി. ഞങ്ങളുടെ അമ്മയുടെ ഓർമകളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി ഉപയോഗിക്കരുത്. നിങ്ങളുടെ പ്രസ്താവന വ്യാജമാണ്. അമ്മയ്ക്ക് മോദി എല്ലാ ബഹുമാനവും നൽകിയിട്ടുണ്ടെന്ന് സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് പറഞ്ഞു.
തിരഞ്ഞെടുപ്പ് സമ്മർദം ഞങ്ങൾക്ക് നന്നായി അറിയാം. പക്ഷേ താങ്കൾ നുണ പറയുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ല. ദയവായി പിതാവിന്റെ ഓർമകളെ അപമാനിക്കരുതെന്നും സോണാലി പറഞ്ഞു.