കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ 22 വരെ നീട്ടി. നേരത്തെ എട്ടുവരെയായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ഏപ്രിൽ എട്ടുമുതൽ സമയത്തിൽ മാറ്റമുണ്ട്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയായിരിക്കും പുതിയ സമയം. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കർഫ്യൂ തുടരാൻ തീരുമാനമായതെന്ന് അധികൃതർ വ്യക്തമാക്കി.
കർഫ്യൂ നിലനിൽക്കുമെങ്കിലും റംസാൻ റസ്റ്റാറന്റുകൾക്ക് രാത്രി ഏഴുമുതൽ പുലർച്ചെ മൂന്നുവരെ ഡെലിവറി സർവിസിന് പ്രത്യേക അനുമതി നൽകും. ഏപ്രിൽ എട്ടുമുതൽ റെസിഡൻഷ്യൽ ഏരിയകളിൽ രാത്രി പത്തുവരെ നടക്കാൻ അനുമതിയുണ്ടാകും. സൈക്കിൾ ഉൾപ്പടെ വാഹനങ്ങൾ കർഫ്യൂ സമയത്ത് ഉപയോഗിക്കാൻ പാടില്ല. സ്വന്തം റെസിഡൻഷ്യൽ ഏരിയക്കു പുറത്തുപോകാനും പാടില്ല. സഹകരണ സംഘങ്ങളിൽ രാത്രി ഏഴിനും 12നും ഇടയിലുള്ള സമയത്തേക്ക് ഷോപ്പിങ് അപ്പോയിന്റ്മെന്റ് നൽകും. നിലവിൽ വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ. രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്.