ന്യൂഡൽഹി : കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രനിർദ്ദേശം. മൂന്നാം ഘട്ട വാക്സിനേഷൻ രണ്ടാഴ്ച കൊണ്ട് പൂർത്തിയാക്കണം, സർക്കാർ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സക്കായി കൂടുതൽ സജ്ജമാക്കണം, ഓക്സിജൻ സിലിണ്ടറുകൾ ഉറപ്പ് വരുത്തണം, കൊവിഡ് നിയന്ത്രണ പ്രവർത്തനം വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് നടപ്പാക്കണം തുടങ്ങിയവയാണ് കേന്ദ്ര നിർദ്ദേശം. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗം സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം രാജ്യത്ത് ഏപ്രിൽ 15നും 20നും ഇടയിൽ കൊവിഡ് കേസുകൾ പാരമ്യത്തിൽ എത്തുമെന്ന് കാൻപൂർ ഐഐടി വിദഗ്ധൻ മനീന്ദ്ര അഗർവാൾ മുന്നറിയിപ്പ് നൽകി. തുടർന്ന് അതിവേഗത്തിൽ കൊവിഡ് വ്യാപനം കുറയും. മേയ് മാസം അവസാനത്തോടെ കൊവിഡ് കേസുകൾ കുത്തനെ കുറയുമെന്നും മനീന്ദ്ര അഗർവാൾ പറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ ഏപ്രിൽ 15നും 20നും ഇടയിൽ പാരമ്യത്തിൽ എത്തും. എന്നാൽ നിരക്ക് എത്രയെന്ന് പ്രവചിക്കാൻ സാധിക്കില്ല. നിലവിൽ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇത് കൂടിയും കുറഞ്ഞുമിരിക്കാം. എന്നാൽ ഏപ്രിൽ പകുതിയോടെ കോവിഡ് കേസുകൾ പാരമ്യത്തിൽ എത്തുമെന്നാണ് കണക്കുകൂട്ടലെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാം കോവിഡ് തരംഗത്തിനിടെ, 2020 ഓഗസ്റ്റ്, സെ്ര്രപംബർ മാസങ്ങളിൽ കോവിഡ് കേസുകൾ പാരമ്യത്തിൽ എത്തുമെന്ന് പ്രവചിച്ചിരുന്നു. ഫെബ്രുവരിയോടെ കേസുകൾ കുത്തനെ താഴുമെന്നായിരുന്നു പ്രവചനം.ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തിലുള്ള ഈ കണക്കുകൂട്ടൽ ശരിവെയ്ക്കുന്നതാണ് പിന്നീട് പുറത്തുവന്ന കണക്കുകൾ.