തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ സർക്കാരിനെതിരെ പുതിയൊരു അഴിമതിയാരോപണം എടുത്തിട്ടത് ഇടതു, വലതു മുന്നണികൾ പരസ്പരം ബി. ജെ. പി ബാന്ധവം ആരോപിക്കുന്നതിൽ കലാശിച്ചു
കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങൽ കരാറിൽ അദാനിയുടെ കമ്പനിയെ ബന്ധപ്പെടുത്തി ആയിരം കോടിയുടെ അഴിമതിയാണ് ചെന്നിത്തല ആരോപിച്ചത്. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി എം.എം. മണിയും ഇത് കൈയോടെ തള്ളി. അഴിമതിയാരോപണത്തിലുപരി, ബി.ജെ.പി ബാന്ധവത്തിലേക്കുള്ള പാലമായി അദാനിയുമായുള്ള ഇടപാടിനെ വ്യാഖ്യാനിച്ച് പ്രചരണം കൊഴുപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. ഇത് തിരിച്ചറിഞ്ഞ് യു.ഡി.എഫ്- ബി.ജെ.പി ബാന്ധവ ആരോപണം ഇടതുമുന്നണിയും കനപ്പിക്കുന്നു.
അവസാന മണിക്കൂറുകളിൽ,സർക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമാനുകൂല്യങ്ങളും പരമാവധി ഉയർത്തിക്കാട്ടാനാണ് ഇടതു ശ്രമം. യു.ഡി.എഫും ബി.ജെ.പിയും വികസന വിരോധികളാണെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപവും ഈ ദിശയിലാണ്. എന്നാൽ, വികസനവിരോധികൾ ഇടതുപക്ഷമാണെന്ന് പഴയകാല സംഭവങ്ങളെടുത്തിട്ട് യു.ഡി.എഫ് തിരിച്ചടിക്കുന്നു. ഇരട്ട വോട്ട് വിവാദം ശക്തമാക്കി, ജനഹിതം അട്ടിമറിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വിദേശ കമ്പനിക്ക് കേരളത്തിലെ വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി നൽകിയെന്ന ആക്ഷേപവുമായി പ്രതിപക്ഷനേതാവിനെ പ്രതിരോധിക്കാൻ ഇടതു ശ്രമവുമുണ്ട്.
രണ്ടാംഘട്ട പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഇരുമുന്നണികളെയും കടന്നാക്രമിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തിന് വൈകാരിക പരിവേഷം നൽകും വിധം, ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
അതിനിടെ, നേമത്ത് കെ. മുരളീധരന്റെ പ്രചാരണത്തിന് ഇന്നെത്തുമെന്ന് അറിയിച്ചിരുന്ന പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം ഒഴിവാക്കി. ഭർത്താവ് റോബർട്ട് വധേരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ നിരീക്ഷണത്തിൽ പോകുന്നുവെന്ന് അവർ ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രിയങ്ക ഗാന്ധിക്ക് പകരം രാഹുൽ ഗാന്ധി നേമത്ത് എത്തും.
വൈദ്യുതി കരാറും
അദാനിയും
കെ.എസ്.ഇ.ബി 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിന്റെ സോളാർ എനർജി കോർപ്പറേഷനുമായി ഒപ്പുവച്ച വൈദ്യുതി വാങ്ങൽ കരാറിലാണ് 1000കോടിയുടെ അഴിമതി പ്രതിപക്ഷനേതാവ് ആരോപിച്ചത്. അദാനിയുടെ കമ്പനിയിൽ നിന്ന് സൗരോർജ്ജ വൈദ്യുതി വാങ്ങുന്നുവെന്നാണ് ആരോപണം. യൂണിറ്റിന് രണ്ട് രൂപയ്ക്ക് സോളാർ വൈദ്യുതി ലഭിക്കുമെന്നിരിക്കെ, യൂണിറ്റിന് 2.82 രൂപയ്ക്ക് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ കേന്ദ്രസർക്കാർ പിന്തുണയോടെ കരാറുണ്ടാക്കിയത് ബി.ജെ.പി ബാന്ധവത്തിനെന്നാണ് ആക്ഷേപം.
അദാനിയുമായി കെ.എസ്.ഇ.ബി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും കേന്ദ്രസർക്കാർ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഒഫ് ഇന്ത്യയുമായാണ് കരാറെന്നും മന്ത്രി എം.എം. മണി വിശദീകരിച്ചു.
ബോർഡിന്റെ കരാറുകളെല്ലാം സുതാര്യവും ഔദ്യോഗിക സൈറ്റിൽ
പ്രസിദ്ധീകരിച്ചതുമാണെന്നും ആർക്കും പരിശോധിക്കാമെന്നും കെ.എസ്.ഇ.ബി സി.എം.ഡിയും വ്യക്തമാക്കി.
"ഇതാണ് ബോംബെങ്കിൽ ചീറ്റിപ്പോയി"
- മുഖ്യമന്ത്രി പിണറായി വിജയൻ