മക്ക: മസ്ജിദുൽ- ഹറാമിൽ നിന്ന് ആയുധവുമായി ഒരാൾ പിടിയിലായെന്ന് മക്ക സുരക്ഷ വക്താവ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച അസർ നമസ്കാരത്തിന് ശേഷം ഹറാമിന്റെ ഒന്നാം നിലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഒന്നാംനിലയിൽ ആയുധധാരിയായ ഒരാൾ തീവ്രവാദ സംഘടനകളെ പിൻതുണച്ച് സംസാരിക്കുന്നത് സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലുള്ള ഇയാൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും പൊലീസ് വക്താവ് പറഞ്ഞു. ഇയാളെ സുരക്ഷാ സേന പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മസ്ജിദുൽ ഹറാമിൽ വെച്ച് വംശീയമായി മുദ്രാവാക്യം മുഴക്കിയ സംഭവത്തെ ഇരുഹറം കാര്യാലയ മേധാവി അപലപിച്ചു. ഇരുഹറമുകൾ ചുവന്നരേഖയാണെന്നും അതിന്റെ വിശുദ്ധി കളങ്കപ്പെടുത്തരുതെന്നും ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഇരു ഹറമിലെ സുരക്ഷ തകർക്കാനും അവിടെയെത്തുന്നവരെ ഭയപ്പെടുത്താനും ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ അൽസുദൈസ് സുരക്ഷ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയും ചെയ്തു.