sandeepanandha-giri

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ തനിക്കുള്ള വിയോജിപ്പ് സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ വ്യക്തമാക്കി സ്വാമി സന്ദീപാനന്ദഗിരി. ശബരിമലയിൽ വിശ്വാസികൾക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു എന്ന മോദിയുടെ പരാമർശത്തെ ചൂണ്ടിക്കാട്ടി, വിശ്വാസികൾക്കെതിരെയല്ല ലാത്തിപ്രയോഗം ഉണ്ടായതെന്നും സാമൂഹ്യവിരുദ്ധരോടും 'പ്ലാൻ സി' നടപ്പിലാക്കാൻ വന്നവരോടുമാണ് പൊലീസ് ലാത്തി പ്രയോഗിച്ചത് എന്നാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ പറഞ്ഞത്. പരിഹാസത്തിന്റെ ഭാഷയിലാണ് സന്ദീപാനന്ദ ഗിരി ഇക്കാര്യം പറഞ്ഞത്. തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വേളയിൽ പ്രധാനമന്ത്രി നടത്തിയ 'സോമാലിയ' പരാമർശത്തെ കുറിച്ചും സന്ദീപാനന്ദഗിരി തന്റെ കുറിപ്പിൽ പറയുന്നു.

കുറിപ്പ് ചുവടെ:

'ആദരണീയ പ്രധാനമന്ത്രിയുടെ അറിവിലേക്ക്,

ശബരിമലയിൽ വിശ്വാസികൾക്ക് നേരെ കേരളാ പോലീസ് ലാത്തി പ്രയോഗിച്ചിട്ടില്ല.
പൊലീസ് ലാത്തി പ്രയോഗിച്ചത് സാമൂഹ്യവിരുദ്ധരോടും, പ്ളാൻ C പാസാക്കാൻ വന്നവരോടുമാണ്.
അയ്യപ്പവേഷം കെട്ടി കുത്തിത്തിരിപ്പിനുവന്നവരെ പോലീസും ജനങ്ങളും നേരിട്ടിട്ടുണ്ട്.
കൂടുതലറിയാൻ അങ്ങ് 'എടപ്പാൾ ഓട്ടം' എന്ന് ഗൂഗിളിൽ സർച്ച് ചെയ്താൽ അറിയാൻ കഴിയും.
അങ്ങ് മുമ്പു പറഞ്ഞ സോമാലിയയിലെ മൂന്ന് ഇടങ്ങളില് അങ്ങയുടെ പാർട്ടിക്ക് ആളില്ല. മറന്നു പോവരുത്!!'