രാഷ്ട്രീയത്തിരക്കിൽ നേതാക്കൾ ഫുൾടൈം വീടിനു പുറത്താകുമ്പോൾ ഭാര്യമാർക്കാണ് ടെൻഷൻ. നാട്ടുകാര്യവും വീട്ടുകാര്യവും ഒരുപോലെ കൈകാര്യംചെയ്യുന്ന ഭർത്താക്കന്മാർക്കാണ് ഫുൾ മാർക്ക്. വിവിധ മുന്നണികളിലെ പ്രമുഖ നേതാക്കളുടെ ഭാര്യമാർ പറയുന്നു, വീടുനോട്ടത്തിൽ ഭർത്താവ് എങ്ങനെ?
ഇങ്ങനൊരാളെ തന്നതിന് ദൈവത്തിന് നന്ദി
43 വർഷമായി ഞങ്ങളുടെ ദാമ്പത്യം തുടങ്ങിയിട്ട്. കുടുംബനാഥനെന്ന നിലയ്ക്ക് അദ്ദേഹത്തെ വീട്ടിൽ കിട്ടാറില്ല. അതിൽ എനിക്ക് ചെറിയ വിഷമമുണ്ട്. എങ്കിലും ഞങ്ങൾക്ക് ഒരു കുറവും വരാതിരിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കും. ഏറെ ദയാലുവും മനുഷ്യത്വവുമുള്ള വ്യക്തി. രാഷ്ട്രീയത്തിൽ നല്ലകാലവും മോശംകാലവും വരുമെന്നും അതെല്ലാം നേരിടാൻ നാം തയാറാവണമെന്നും പഠിപ്പിച്ചത് അദ്ദേഹമാണ്. വീട്ടിൽ അധികം സംസാരമില്ല.ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെക്കുറിച്ച് ഞാൻ എന്തെങ്കിലും പറയുന്നതിൽ അർത്ഥമില്ല. എല്ലാം ജനങ്ങൾക്ക് അറിയാം. എങ്കിലും ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല രാഷ്ട്രീയക്കാരൻ അദ്ദേഹമാണ്. വ്യക്തിപരമായി പറഞ്ഞാൽ സ്വപ്നത്തിൽ പോലും വിചാരിക്കാത്തത്ര വ്യക്തിത്വമുള്ള ഒരാളെ എനിക്ക് കിട്ടിയതിന് ഞാൻ ദൈവത്തോട് എന്നും കടപ്പെട്ടിരിക്കുന്നു.
ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ
വീട്ടുകാര്യവും രാഷ്ട്രീയവും ഒരുമിച്ച്
സുരേട്ടൻ രാഷ്ട്രീയവും വീട്ടുകാര്യവും ഒരുമിച്ചുകൊണ്ടുപോകുന്നയാളാണ്. അദ്ദേഹത്തോട് ചോദിച്ചേ ഞാൻ എന്തു കാര്യവും ചെയ്യാറുള്ളു. കുടുംബത്തിലെ ദൈനംദിന കാര്യങ്ങളിലായാലും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലായാലും അദ്ദേഹം ഇടപെടും.
യാത്രയിലാണെങ്കിൽ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കും. അധികം ദിവസമൊന്നും വീട്ടിൽ നിന്ന് മാറിനിൽക്കാറില്ല.പരമാവധി പത്തു ദിവസം. ശബരിമല പ്രക്ഷോഭ സമയത്ത് മാത്രമാണ് അതിലൊരു മാറ്റം വന്നത്.പിന്നെ വിജയയാത്രക്കാലത്തും. എത്ര തിരക്കുണ്ടെങ്കിലും വീട്ടിൽ നിന്ന് ഫോൺ വിളിച്ചാൽ എടുക്കും. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇപ്പോൾ രാത്രി രണ്ടുമണിക്കൊക്കെയാണ് ഉറക്കം. എന്നാലും എല്ലാ ദിവസവും വിളിക്കും. മുൻപ് തിരഞ്ഞെടുപ്പ് കാലത്തൊക്കെ ഞങ്ങളും കൂടെ പോയി നിൽക്കാറുണ്ടായിരുന്നു. മകൾ ഗായത്രിക്ക് ഓൺലൈൻ ക്ലാസുള്ളതിനാൽ ഇത്തവണ ഞാനും മകളും പോയില്ല. മകൻ ഹരികൃഷ്ണൻ അവിടെത്തന്നെയുണ്ട്.
കെ. സുരേന്ദ്രന്റെ ഭാര്യ ഷീബ
വീട്ടുകാര്യത്തിലും മന്ത്രിയാ...
സ്നേഹസമ്പന്നനായ പിതാവും ഉത്തരവാദിത്തമുള്ള ഗൃഹനാഥനുമാണ്. പതിനെട്ടാം വയസിൽ അദ്ദേഹത്തിന്റെ ജീവിത സഖിയായി കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയതാണ് ഞാൻ. എത്ര തിരക്കുണ്ടെങ്കിലും വീട്ടുകാര്യങ്ങൾക്കൊന്നും ഒരു മുടക്കവും വരുത്താറില്ല. ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യും. കൊച്ചുമക്കളുടെ പഠനകാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. മറ്റുള്ളവർ പറയുന്നതു പോലെയൊന്നുമല്ല, അനാവശ്യമായി ഒരു കാര്യത്തിനും ദേഷ്യപ്പെടാറില്ല. ഭക്ഷണകാര്യത്തിലൊന്നും ഒരു പിടിവാശിയുമില്ല. പരമാവധി രാത്രി വൈകിയെങ്കിലും വീട്ടിലെത്താൻ നോക്കും. ഇപ്പോൾ അദ്ദേഹം ഇടുക്കിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഞാൻ തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തിലുമാണ്. ആശാൻ മാർച്ച് ഒമ്പതിന് പോയതാ. ഇനി വോട്ട് ചെയ്യാനായി എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
എം.എം . മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി
വീട്ടിൽ കിട്ടുന്നത് വല്ലപ്പോഴും
തിരക്കുകൾക്കിടെ അപൂർവമായേ തുഷാർ വീട്ടിൽ സമയം ചെലവഴിക്കാറുള്ളു. ദൈനംദിന വീട്ടുകാര്യങ്ങളും അത്യാവശ്യം ബിസിനസ് മാനേജ്മെന്റും മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളുമെല്ലാം എന്റെ ചുമലിലാണ്. അതിനുള്ള പൂർണ സ്വാതന്ത്ര്യവും തന്നിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിലേ സഹായം തേടാറുള്ളൂ. വീട്ടുകാര്യങ്ങൾ പതിവായി അന്വേഷിക്കുന്ന ശീലമുള്ളയാളല്ല. ആവശ്യപ്പെടുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യും.മകൻ ദേവ് തുഷാർ പഠനം കഴിഞ്ഞ് എത്തിയതിനാൽ ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത് സൗകര്യമായി. ദേവ് ബിസിനസ് ഉപദേശങ്ങൾ തേടുന്നത് അപ്പൂപ്പനിൽ (വെള്ളാപ്പള്ളി നടേശൻ) നിന്നാണ്. തുഷാറിന്റെ തിരക്കുകൾ അറിയാവുന്നതിനാൽ പരിഭവങ്ങളൊന്നുമില്ല. ബുദ്ധിമുട്ടിക്കാറുമില്ല. രാഷ്ട്രീയ, സംഘടനാ പ്രവർത്തനത്തിലെ സമ്മർദ്ദങ്ങളും പ്രശ്നങ്ങളും ഞങ്ങളുമായി പങ്കുവയ്ക്കുന്ന പതിവില്ല.
തുഷാർ വെള്ളാപ്പള്ളിയുടെ ഭാര്യ ആശ തുഷാർ
രാഷ്ട്രീയം ജീവവായു
മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൊതു പ്രവർത്തനത്തിന് തന്നെയാണ് പ്രഥമ പരിഗണന നൽകുന്നത്.വിവാഹം കഴിഞ്ഞ് 31 വർഷം കഴിഞ്ഞു.അദ്ദേഹം കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങൾ കുറവാണ്. എങ്കിലും അദ്ദേഹത്തിന്റെ തിരക്ക് മനസിലാക്കി എല്ലാ പിന്തുണയും നൽകാറുണ്ട്.വീട്ടിലുണ്ടാകുമ്പോൾ രാഷട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാറില്ല.
എത്ര തിരക്കിലാണെങ്കിലും മകന്റെ കാര്യത്തിൽ പ്രത്യേക കരുതലാണ്.വടകര ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ യു.പി സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു ഞാൻ.
രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഭാര്യ സരസ്വതി
വീട്ടുകാര്യത്തിലും പി.ടിയാണ് മുന്നിൽ
തിരക്കാണെന്ന് പറഞ്ഞ് വീട്ടുകാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നയാളല്ല. വീട്ടിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. ഭാര്യയുടെയും മക്കളുടെയും ഏത് ആവശ്യത്തിനും ഒപ്പം ഉണ്ടാവും. വ്യത്യസ്ത മതക്കാരാണ് ഞങ്ങൾ. ഇരുവരുടെയും മതവിശ്വാസങ്ങളെ പരസ്പരം മാനിക്കുന്നു. മക്കളെ ജാതിയും മതവും ഇല്ലാത്ത മനുഷ്യരായാണ് വളർത്തിയത്. അവരെ സ്നേഹിക്കുന്ന കാര്യത്തിലും പി.ടിയാണ് എന്നെക്കാൾ മുന്നിലെന്ന് തോന്നാറുണ്ട്. മക്കൾക്ക് എന്നെക്കാൾ അടുപ്പം അദ്ദേഹവുമായിട്ടുണ്ട്. രണ്ട് ആൺമക്കളെയും ചങ്ങാതിമാരെ പ്പോലെയാണ് കൊണ്ടുനടക്കുന്നത്. പ്രചാരണത്തിരക്കിനിടയിലും വീട്ടിൽ വന്നുമാത്രമേ ഭക്ഷണം കഴിക്കൂ. മഹിളാകോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഞാനും പ്രചാരണത്തിന് പോകും.
പി.ടി.തോമസിന്റെ ഭാര്യ ഉമ
ഔസേപ്പച്ചൻ ശാന്തനാണ്
വീട്ടിലെത്തിയാൽ പി.ജെ. ജോസഫ് എന്ന എന്റെ ഔസേപ്പച്ചൻ ശാന്തനാണ്.വീട്ടിലെ തൊഴുത്തിലെ എണ്ണമറ്റ പശുക്കളുടെ നല്ലയിടയനായും മാറും. ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ അദ്ദേഹം എം.എൽ.എയായിരുന്നു. അന്നു മുതലുള്ള തിരക്കിന് ഒരു കുറവുമില്ല. എത്ര തിരക്കുണ്ടെങ്കിലും എല്ലാ ശനിയാഴ്ചയും ജോസഫ് വീട്ടിലെത്തും. ഞായറാഴ്ച ഇടവകയിലെ കുർബാനയിൽ പങ്കെടുക്കുന്നത് പരമാവധി ഒഴിവാക്കാറില്ല. പിന്നെ പുരയിടത്തിലിറങ്ങി കൃഷിയൊക്കെ നോക്കും. വീട്ടിൽ ഇല്ലെങ്കിൽ എല്ലാ ദിവസവും വൈകിട്ട് വിളിച്ച് വിശേഷങ്ങൾ തിരക്കും. കൃഷിക്കും മറ്റും ചെയ്യേണ്ട കാര്യങ്ങൾക്കുള്ള നിർദ്ദേശം ഫോണിലൂടെ നൽകും. വീട്ടിൽ രാഷ്ട്രീയ ചർച്ചയില്ല.
പി.ജെ. ജോസഫിന്റെ ഭാര്യ ഡോ.ശാന്ത