തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് തിരുവനന്തപുരം മണ്ഡലം നടൻ കൃഷ്ണകുമാർ സ്ഥാനാർത്ഥി ആയതോടെയാണ് എൻ.ഡി.എയുടെ വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ പട്ടികയിലേക്ക് തിരുവനന്തപുരവും എത്തിയത്. ചില സർവേകളിൽ കൃഷ്ണകുമാറിന് വിജയസാദ്ധ്യതയും പ്രവചിച്ചിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും പുറത്തും ശക്തമായ പ്രചാരണമാണ് കൃഷ്ണകുമാർ നടത്തുന്നത്. എന്നാൽ ഇതിൽ തന്റെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നതിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.
സ്വതന്ത്ര വ്യക്തികളായ എന്റെ പെൺമക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛൻ എന്ന നിലയിൽ ഈ വിവാദങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് അദ്ദേഹം കുറിച്ചു.
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും ബുദ്ധിമുട്ടുകൾ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യാൻ ആരംഭിച്ചപ്പോൾ സ്വതന്ത്ര വ്യക്തികളായ എന്റെ പെൺമക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛൻ എന്ന നിലയിൽ ഈ വിവാദങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകൾ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ വേദനിക്കുന്ന കൃഷ്ണകുമാർ എന്ന അച്ഛനെ മാത്രമേ നിങ്ങൾക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളിൽ ഉറച്ചു നിൽക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലർത്തുകയും ചെയ്യുന്ന കൃഷ്ണകുമാർ എന്ന പൊതുപ്രവർത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.