തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ക്ഷേത്ര ഭരണാവകാശ വിളംബരവും രണ്ടാം ഭൂപരിഷ്‌കരണ നിയമവും നടപ്പാക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും കൊടുക്കുമെന്നും വിശ്വാസികൾക്ക് ക്ഷേത്ര ഭരണത്തിൽ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു കുമ്മനം.
ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടും കൊടുക്കുമെന്ന് എൻ.ഡി.എ ഉറപ്പ് നൽകുന്നു. പട്ടിക ജാതിക്കാർക്കും പട്ടിക വർഗക്കാർക്കും ഭൂരഹിതർക്കും പാവപ്പെട്ടവർക്കും കിടക്കാൻ വീടും കൃഷിചെയ്യാൻ ഭൂമിയും ലഭിക്കും. 2021 കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വഴിത്തിരിവായി മാറും. പാവപ്പെട്ടവർക്ക് കുടിവെള്ളവും തൊഴിലും പാർപ്പിടവും വിദ്യാഭ്യാസ സൗകര്യവും അടക്കമുള്ളവയെല്ലാം കൊടുക്കുന്ന ഭരണമാറ്റം ഉണ്ടാകാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ക്ഷേത്ര ഭരണാവകാശ വിളംബരം ഉണ്ടാകും. വിശ്വാസികൾക്ക് ക്ഷേത്ര ഭരണത്തിൽ പങ്കാളിത്തമുണ്ടാകും. ക്ഷേത്രപ്രവേശന വിളംബരത്തിനും പാലിയം വിളംബരത്തിനും ശേഷം നടക്കാൻ പോകുന്ന വലിയ വിളംബരമാവും ഇത്. ശബരിമല വിഷയത്തിൽ വികാരാവേശംകൊണ്ട് ജനം തെരുവിലിറങ്ങിയെന്നും കുമ്മനം കൂട്ടിച്ചേത്തു.
ശബരിമല വിഷയത്തിൽ എന്തുകൊണ്ടാണ് നിയമ നിർമാണം നടത്താത്തതെന്ന് കോൺഗ്രസ് ചോദിക്കുന്നു. നേരത്തെതന്നെ നിയമം കൊണ്ടുവരാൻ കഴിയുമായിരുന്നെങ്കിൽ പിന്നെ എന്തിനാണ് നിയമം ഉണ്ടാക്കുമെന്ന് കോൺഗ്രസ് ഇപ്പോൾ പറയുന്നത്? ശബരിമലയിലടക്കം ക്ഷേത്രത്തിന്റെ ഭരണാധികാരമാണ് പ്രധാന വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.