എറണാകുളം: ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ സ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ നാല് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30), മുക്ലൻ അൻസാരി (28), മോനി എന്നുവിളിക്കുന്ന മുനീറുൽ (20), ഷക്കീൽ മണ്ഡൽ (23) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. മാർച്ച് 30നായിരുന്നു സംഭവം നടന്നത്.
അല്ലപ്ര എൺപതാംകോളനിയിലെ മുക്ലൻ അൻസാരിയുടെ വീട്ടിലേക്ക് ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പ്രതികൾ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം കേരളം വിട്ടുപോകാനുള്ള ശ്രമത്തിനിടെ സാഹസികമായാണ് ഇവരെ പിടികൂടിയിരിക്കുന്നത്.
രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ല റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം പെരുമ്പാവൂർ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിൽ സി.ഐ രാഹുൽ രവീന്ദ്രൻ, അസി. രാജീവ്, സി.പി.ഒ ഷിജോ പോൾ, സുബൈർ, ഷർനാസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.