ril

 ഓയിൽ - ടു - കെമിക്കൽ ബിസിനസിനെ പ്രത്യേക കമ്പനിയാക്കും

മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ പ്രവർത്തന പുനഃക്രമീകരണത്തിന് ഓഹരി ഉടമകളുടെയും കമ്പനിക്ക് വായ്‌പ നൽകിയ ധനകാര്യ സ്ഥാപനങ്ങളുടെയും (ക്രെഡിറ്റർമാർ) അനുമതി. 99.99% ഓഹരി ഉടമകളും പുനഃസംഘടനയെ അനുകൂലിക്കുന്നുവെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമർപ്പിച്ച കത്തിൽ റിലയൻസ് വ്യക്തമാക്കി.

നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.ടി) ഉത്തരവ് പ്രകാരമാണ് ഓഹരി ഉടമകളുടെയും ക്രെഡിറ്റർമാരുടെയും യോഗം വിളിച്ചത്. ക്രെഡിറ്റർമാരിൽ 100 ശതമാനം പേരുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്‌റ്റിസ് ബി.എൻ. ശ്രീകൃഷ്‌ണയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റേത് ഉൾപ്പെടെ റെഗുലേറ്റർമാരുടെ അനുമതി സെപ്‌തംബറോടെ ലഭിക്കുമെന്നും തുടർന്ന് പുനഃക്രമീകരണം പൂർത്തിയാകുമെന്നുമാണ് അറിയുന്നത്.

എണ്ണ റിഫൈനറി, ഇന്ധന വിതരണം, പെട്രോകെമിക്കൽ (ഒ2സി : ഓയിൽ ടു കെമിക്കൽ) എന്നീ വിഭാഗങ്ങളെ മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്‌ട്രീസിൽ നിന്ന് വേർപെടുത്തി സ്വതന്ത്ര കമ്പനിയാക്കി മാറ്റുമെന്ന് ഫെബ്രുവരിയിലാണ് റിലയൻസ് പ്രഖ്യാപിച്ചത്. റിലയൻസിൽ നിന്ന് 2,500 കോടി ഡോളറിന്റെ വായ്‌പ ഒ2സിക്ക് നൽകിക്കൊണ്ടായിരിക്കും ഇത്. ഒ2സി ലിമിറ്റഡ് എന്ന കമ്പനിക്കാണ് രൂപംനൽകുക. സൗദി ആരാംകോയിൽ നിന്നുൾപ്പെടെ ആഗോള നിക്ഷേപം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, ഒ2സിക്ക് മികച്ച ഓഹരിമൂല്യം (വാല്യൂവേഷൻ) ലഭിക്കാൻ ഇത് അനിവാര്യമാണെന്ന് റിലയൻസ് കരുതുന്നു.

ഒ2സിയുടെ 20 ശതമാനം ഓഹരികൾ ആരാംകോയ്ക്ക് നൽകുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഗുജറാത്തിലുള്ള ഇരട്ട റിഫൈനറികൾ, വിവിധ സംസ്ഥാനങ്ങളിലുള്ള പെട്രോകെമിക്കൽ പ്ളാന്റുകൾ, ഇന്ധന റീട്ടെയിൽ വിഭാഗത്തിന്റെ 51 ശതമാനം ഓഹരികൾ എന്നിവയാണ് ഒ2സി ലിമിറ്റഡിന് കൈമാറുക. പ്രത്യേക മാനേജ്‌മെന്റ് ടീമിനെയും വിദഗ്ദ്ധരായ ജീവനക്കാരെയും ഒ2സി ലിമിറ്റഡിന് ലഭിക്കും; സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും കഴിയും.

റിലയൻസും ഒ2സിയും

എണ്ണ ഖനനം, ഉത്പാദനം, ധനകാര്യം, വസ്‌ത്രവിതരണം എന്നീ വിഭാഗങ്ങളായിരിക്കും പുനഃസംഘടനയ്ക്ക് ശേഷം മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ കീഴിലുണ്ടാവുക. റീട്ടെയിൽ ബിസനസ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സിന്റെയും ഡിജിറ്റൽ - ടെലികോം വിഭാഗം ജിയോ പ്ളാറ്റ്‌ഫോംസ് ലിമിറ്റഡിന്റെയും നിയന്ത്രണത്തിലായിരിക്കും. റിലയൻസിന്റെ തന്ത്രപ്രധാന എണ്ണഖനന കേന്ദ്രമായ കെ.ജി.-ഡി6 മാതൃകമ്പനി തന്നെ നിയന്ത്രിക്കും.