modi

പത്തനംതിട്ട: കോന്നിയിലെ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ച് ശരണംവിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ത്യയിലെ പ്രധാനമന്ത്രിമാർ പിന്തുടർന്ന് വന്ന മതസൗഹാർദ സമീപനത്തെ നഗ്നമായി പിച്ചിക്കീറുന്ന പ്രവർത്തിയായിരുന്നു പ്രധാനമന്ത്രി കോന്നിയിലെ പ്രചാരണവേദിയിൽ വച്ച് നടത്തിയ ശരണംവിളിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ശബരിമലയിൽ പോയി സ്വാമിയേ ശരണമയ്യപ്പാഎന്നു വിളിക്കാം. ഒരാൾ തിരഞ്ഞെടുപ്പ് യോഗത്തിൽ ശരണം വിളിക്കുന്നതോ മറ്റൊരാൾ വന്ന് അല്ലാഹു അക്ബർ എന്നു വിളിക്കുന്നതോ വേറൊരാൾ യേശുക്രിസ്തു ജയ യേശു ക്രിസ്തു ജയ എന്നു വിളിക്കുന്നതോ ശരിയല്ല. തിരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സർക്കാരുകളുടെ നയം ചർച്ച ചെയ്യേണ്ട വേദിയാണ്.'-എംഎ ബേബി പറയുന്നു.

sabarimala

ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം മോദിയുടെ ഇന്ത്യയിൽ ഉറപ്പു നൽകുന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കു നേരെയുണ്ടായ ആക്രമണം പരാമർശിച്ചുകൊണ്ടായിരുന്നു എംഎ ബേബി ഈ ചോദ്യമുയർത്തിയത്. കരുനാഗപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി നടത്തിയ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പാർട്ടി പോളിറ്റ് ബ്യൂറോ അംഗം.