തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കേരളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോന്നിയിലും കഴക്കൂട്ടത്തും ശബരിമല വിഷയം ആളിക്കത്തിച്ചായിരുന്നു പ്രസംഗം നടത്തിയത് ഇടതു സര്‍ക്കാര്‍ അയ്യപ്പഭക്തരെ ആക്രമിച്ചെന്നും പുണ്യ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഏജന്റുമാരെ വിടുകയാണെന്നും മോദി പ്രസംഗത്തിൽ ആഞ്ഞടിച്ചു.
അതേസമയം മോദിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ത്രിപുരയിലേതു പോലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിക്കളയാമെന്നു കരുതിയിട്ടാണ് സംഘ്പരിവാറിന്റെ പുറപ്പാടെങ്കിൽ അവർ സ്വപ്നം കാണാത്ത തിരിച്ചടി നൽകുമെന്നു പിണറായി വിജയൻ പറഞ്ഞു.
'കേരളത്തിന്റെ മതനിരപേക്ഷ മനസ് പുത്തൻ അവസരവാദ സഖ്യത്തിന്റെയും വ്യാമോഹങ്ങൾ അറബിക്കടലലേക്കു വലിച്ചെറിയും. കേരളത്തിൽ ഒരു സീറ്റിൽപോലും വിജയസാധ്യത ഉറപ്പിക്കാൻ പറ്റാത്ത പാർട്ടിയാണ് ബി.ജെ.പി. എന്നിട്ടും ഇവരുടെ പ്രധാന നേതാക്കൾ കേരളത്തിൽ തമ്പടിക്കുന്നതും ഭീഷണികൾ മുഴക്കുന്നതും എന്ത് ഉദ്ദേശത്തിലാണ്? ത്രിപുരയിൽ കോൺഗ്രസിനെ മുഴുവനായി വിഴുങ്ങിയാണ് ബി.ജെ.പി തടിച്ചുചീർത്തത്. ഇവിടെ കോൺഗ്രസും ലീഗുമായി ചേർന്ന് അത്തരം നീക്കങ്ങൾ നടത്തിയപ്പോൾ ജനങ്ങൾ ഇടതുപക്ഷത്തിനോടൊപ്പം നിന്ന ചരിത്രമാണുള്ളത്.
വികസനകാര്യങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷവും ബി.ജെ.പിയും തയാറാകുന്നില്ല. രണ്ടുകൂട്ടരും ഒളച്ചോടുകയാണ്. വികസനം വേണ്ട ഇരട്ടവോട്ട് ചർച്ച ചെയ്യാമെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. ഒറ്റ വോട്ടുപോലും ഇരട്ടവോട്ടായി ചെയ്യരുതെന്നാണ് തങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുന്നത്.
ആശുപത്രികൾ, കാർഷികരംഗത്തെ ഉൽപാദന വർധനവ്, വിശപ്പുരഹിത കേരളം തുടങ്ങി ജന ജീവിതത്തെ സ്പർശിക്കുന്ന ഒന്നായി നാടിന്റെ വികസനത്തെ മാറ്റാനായി എന്നതാണ് എൽ.ഡി.എഫ് സർക്കാരിന്റെ അഭിമാനം. ബി.ജെ.പയോ കോൺഗ്രസോ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ കാഴ്ചപ്പാട് കാണാനാകുമോ?' പിണറായി ചോദിച്ചു