തിരുവനന്തപുരം: ഇരട്ട വോട്ട് ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർപട്ടികയിൽ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പട്ടിക വരണാധികാരിക്ക് കൈമാറുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് ഇരട്ട വോട്ട് തടയാൻ കർശന നടപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രംഗത്തെത്തിയിരിക്കുന്നത്.
ജില്ലാ വരണാധികാരികൾക്കും ഉപവരണാധികാരികൾക്കുമാണ് ഇരട്ട വോട്ട് തടയുന്നതിനുള്ള ചുമതല. ഇരട്ട വോട്ടുകൾ ചെയ്യുന്നുണ്ടോ എന്ന് പ്രിസൈഡിംഗ് ഓഫീസർമാർ ശ്രദ്ധിക്കണം. ഇരട്ട വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ചെയ്യുന്ന ആൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കണം.
ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫിസർമാർക്കും കൈമാറും. പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിടുന്നതിന് മുൻപ് സത്യവാങ്മൂലം നൽകണമെന്നാണ് നിർദ്ദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.
ഇരട്ട വോട്ടുകളുടെ പട്ടിക രാഷട്രീയ പാർട്ടികൾക്കും പ്രിസൈഡിംഗ് ഓഫീസർമാർക്കും നൽകണമെന്ന്ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. 4.34 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ അറിയിക്കുകയും അതിന്റെ കണക്കുകൾ വെബ്‌സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്ത് 38586 ആളുകളുടെ പേര് വോട്ടർ പട്ടികയിൽ ഇരട്ടിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.