somy-ali-khan

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ വഞ്ചിച്ചുവെന്ന് താരത്തിന്റെ മുൻ കാമുകിയും നടിയുമായിരുന്ന സോമി അലി ഖാൻ. സൽമാൻ ഖാനുമായുള്ള ബന്ധം തകർന്നതിന് ശേഷം ഇന്ത്യയിൽ തന്നെ പിടിച്ചുനിർത്തുന്ന ഒന്നും തന്നെ കണ്ടില്ലെന്നും പിന്നീട് സിനിമാരംഗത്തോട് താൻ വിടപറയുകയായിരുന്നു എന്നും നടി പറയുന്നു. നടനുമായി വേർപിരിഞ്ഞ് 20 വർഷങ്ങൾക്ക് ശേഷമാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. പ്രണയബന്ധം അവസാനിച്ച ശേഷം താൻ അമേരിക്കയിലേക്ക് തിരികെ പോയി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നും നടി പറയുന്നു.

'രണ്ട് പതീറ്റാണ്ടിലേറെയായി ആ പ്രണയം തകര്‍ന്നിട്ട്. കാരണം ലളിതമായിരുന്നു. സല്‍മാന്‍ എന്നെ വഞ്ചിച്ചു. ഞാന്‍ പ്രണയം അവസാനിപ്പിച്ചു. അതിന് ശേഷം അഞ്ച് വര്‍ഷത്തോളം സല്‍മാനോട് സംസാരിച്ചില്ല. പ്രണയം തകര്‍ന്നതിന് ശേഷം ഇന്ത്യയില്‍ എന്നെ പിടിച്ചുനിര്‍ത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സല്‍മാനോടുള്ള ആകര്‍ഷണം തലയ്ക്ക് പിടിച്ച കാലത്താണ് ഞാന്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. മുംബൈയിലെത്തി മോഡലിങും രണ്ട് സിനിമകളും ചെയ്തതിന് ശേഷം മാത്രമാണ് അദ്ദേഹത്തെ ഞാന്‍ നേരിട്ട് കണ്ടത്.'-സോമി പറയുന്നു.

View this post on Instagram

A post shared by Somy Ali (@realsomyali)


തൊണ്ണൂറുകളിൽ ബോളിവുഡിലെ ചൂടുപിടിച്ച ചർച്ചയായിരുന്നു സല്‍മാന്‍ ഖാനും സോമി അലിയും തമ്മിലുള്ള പ്രണയം. പാകിസ്ഥാനിൽ ജനിച്ച സോമി അലി അമേരിക്കയിലാണ് വളര്‍ന്നതും പഠിച്ചതും. 1988ലാണ് സോമി അലി മുംബൈയിലെത്തിയത് . തുടർന്ന് മോഡലിങ്ങിലും ബോളിവുഡിലും സജീവമാവുകയായിരുന്നു. ആ കാലത്താണ് സൽമാൻ ഖാനുമായി പ്രണയത്തിലാവുന്നത്. അഞ്ച് വര്‍ഷങ്ങളോളം നീണ്ടുപോയ പ്രണയം അവസാനിപ്പിച്ച് സോമി അലി അമേരിക്കയിലേക്ക് തിരിച്ചുപോയി. പിന്നീട് നടി അഭിനയിച്ചിട്ടേയില്ല.