തിരുവനന്തപുരം: ഇടത്, വലതു മുന്നണികളെ ഇരട്ടകളെന്ന് പരിഹസിച്ചും, വിശ്വാസി സമൂഹത്തെ ലക്ഷ്യമിട്ട് ശബരിമല വിഷയമാക്കിയും പ്രധാനമന്ത്രി നരേന്ദ്രമോദി. എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് രണ്ടാംവട്ടമെത്തിയ മോദി, ഇന്നലെ കോന്നിയിലെ വിജയ് റാലിയിൽ പ്രസംഗം ആരംഭിച്ചത് 'സ്വാമിയേ ശരണമയ്യപ്പാ...' വിളിയോടെ. വൈകിട്ട് തിരുവനന്തപുരത്ത് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ പ്രസംഗത്തിനിടെ, സി.പി.എമ്മും കോൺഗ്രസും ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടിയാകണമെന്ന് ഉപദേശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആഴത്തിലുള്ള പരിഹാസം.
ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും കോൺഗ്രസും ഇടതുപക്ഷവും കൂടുതൽ യോജിക്കുകയാണ്. ഇനി ഇവർ രണ്ടായി നിൽക്കുന്നതിന് പകരം ഒറ്രപാർട്ടിയാവുന്നതാണ് നല്ലതെന്നും മോദി പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും ഇരട്ടസഹോദരരാണെന്ന കാര്യം കേരളീയർക്ക് ബോദ്ധ്യപ്പെട്ടു. രണ്ടുപേരും ദുർഭരണം, അഴിമതി, രാഷ്ട്രീയ അക്രമം, വർഗീയത, ജാതീയത, സ്വജനപക്ഷപാതം എന്നിവ നടത്തുന്നു. കേരളത്തിൽ ഇവർ പരസ്പരം മത്സരിക്കുന്നെങ്കിലും ബംഗാളിലെ രാഷ്ട്രീയ ചിത്രം അറിയാമല്ലോയെന്ന് മോദി ഓർമ്മിപ്പിച്ചു. തുടർന്നാണ് ഒറ്റപ്പാർട്ടിയാകണമെന്ന് പറഞ്ഞത്. കേരളത്തിൽ എൽ.ഡി.എഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള താല്പര്യമോ കഴിവോ യു.ഡി.എഫിനില്ല. എൻ.ഡി.എയ്ക്കനുകൂലമായ ജനമുന്നേറ്റം ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീപദ്മനാഭന്റെ മണ്ണായ തിരുവനന്തപുരത്തെ വണങ്ങിയാണ് മോദി പ്രസംഗം ആരംഭിച്ചത്. കേരളത്തിൽ ബി.ജെ.പിക്ക് ആദ്യം സീറ്ര് നൽകിയത് തിരുവനന്തപുരമാണ്. ആറ്റുകാലമ്മയെയും വെള്ളായണി ദേവിയെയും ആഴിമല മഹാദേവനെയും മോദി പ്രണമിച്ചു. ശ്രീനാരായണ ഗുരു, അയ്യങ്കാളി ചട്ടമ്പി സ്വാമികൾ തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കളുടെ കർമ്മരംഗമായിരുന്നു തിരുവനന്തപുരം. രാജാരവിവർമ്മയുടെയും സ്വാതി തിരുനാളിന്റെയും നാടാണിത്. ധീരോദാത്ത പോരാട്ടം നടത്തിയ മാർത്താണ്ഡവർമ്മയുടെ പരാക്രമത്തിന്റെ ചരിത്രവുമുണ്ടെന്ന് മോദി പറഞ്ഞു.
പ്രസംഗത്തിൽ നമ്പി നാരായണനും
കഠിനാദ്ധ്വാനികളായ പ്രൊഫഷണലുകളെ കോൺഗ്രസ് അകറ്രിയെന്ന് മോദി പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് എ-ഐ ഗ്രൂപ്പ് തർക്കത്തിന്റെ പേരിൽ ദേശസ്നേഹിയായ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ കരിയർ നശിപ്പിച്ചവരാണ് കോൺഗ്രസുകാർ. അതേസമയം ഇ.ശ്രീധരനെ പോലുള്ള കഴിവുള്ള ഉദ്യോഗസ്ഥർ ബി.ജെ.പിയിലേക്ക് വരുന്നു. അദ്ദേഹം മറ്ര് പ്രൊഫഷണലുകൾക്ക് പ്രേരണയാണ്. രാജ്യത്തിനും സമൂഹത്തിനും ഒരുപാട് സംഭാവനകൾ നൽകിയ ഇ.ശ്രീധരൻ ഇനി തന്റെ കഴിവ് കേരളത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
മോദി നീട്ടിവിളിച്ചു,
സ്വാമിയേ, ശരണമയ്യപ്പാ
പത്തനംതിട്ട: 'സ്വാമിയേ, ശരണമയ്യപ്പാ...' കോന്നിയിൽ എൻ.ഡി.എ വിജയ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത് ശരണം വിളിയോടെയായിരുന്നു.
മൂന്നുതവണ ശരണം വിളിച്ച ശേഷം 'സ്വാമിയേ...'എന്ന് നാല് തവണ ആവർത്തിച്ചപ്പോൾ സദസ് 'ശരണമയ്യപ്പാ' എന്ന് ഏറ്റുവിളിച്ചു.
ആത്മീയതയുടെയും അയ്യപ്പന്റെയും മണ്ണാണ് പത്തനംതിട്ടയെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ട ഒരു സർക്കാർ കേരളത്തിലല്ലാതെ മറ്റെവിടെയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വിശ്വാസികളെ
തല്ലി:മോദി
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രങ്ങളെയും വിശ്വാസികളെയും സംരക്ഷിക്കേണ്ടതിനു പകരം ക്ഷേത്രങ്ങൾ തകർക്കാനും വിശ്വാസികളെ തല്ലിച്ചതയ്ക്കാനും നേതൃത്വം നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ആചാരങ്ങളെ തകർക്കാൻ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നും മോദി ആരാേപിച്ചു.