കൊച്ചി: വിവാഹ സീസണിൽ ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കി സ്വർണവിലയുടെ ചാഞ്ചാട്ടം. മാർച്ച് അവസാനവാരം കനത്ത ഇടിവോടെ, ഒരുവർഷത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ പവൻവില കഴിഞ്ഞ രണ്ടുദിവസമായി കരുത്തോടെ തിരിച്ചുകയറുകയാണ്. വ്യാഴാഴ്‌ച 440 രൂപയുടെ വർദ്ധന കുറിച്ച പവൻവില, ഇന്നലെ 480 രൂപയും മുന്നേറി. 33,800 രൂപയിലായിരുന്നു ഇന്നലെ പവൻ വ്യാപാരം; ഗ്രാം വില 60 രൂപ വർദ്ധിച്ച് 4,225 രൂപയായി.
കൊവിഡ് കാലത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻ സ്വീകാര്യത ലഭിച്ച സ്വർണവില, പവന് ആഗസ്‌റ്റിൽ 42,000 രൂപയിലെത്തിയിരുന്നു; അന്ന് 5,250 രൂപയായിരുന്നു ഗ്രാമിന്. തുടർന്ന്, ഈ വർഷം മാർച്ച് 31ന് പവൻ വില 32,880 രൂപയിലേക്ക് കൂപ്പുകുത്തി. ഡോളറിന്റെ മുന്നേറ്റവും ബോണ്ട് യീൽഡ് വർദ്ധനയുമാണ് സ്വർണത്തിന് തിരിച്ചടിയായത്. വിശേഷാവസരങ്ങൾ ഒഴിഞ്ഞുനിന്ന് കുംഭം മറഞ്ഞ്, വിവാഹ സീസണായ മീനത്തെ വരവേറ്റപ്പോഴാണ് ആഭരണപ്രിയർക്ക് ആശ്വാസം പകർന്ന് വില കുറഞ്ഞത്.
എന്നാൽ, ആശ്വാസത്തിന് അധികം ഇടനൽകാതെയുള്ള ഇപ്പോഴത്തെ ഈ തിരിച്ചുകയറ്റത്തിന് പ്രധാന കാരണം അമേരിക്കയിലെ സാമ്പത്തിക പരിഷ്കാരങ്ങളാണ്. കോർപ്പറേറ്റ് നികുതി 21 ശതമാനത്തിൽ നിന്ന് 28 ശതമാനത്തിലേക്ക് ഉയർത്തിയ പ്രസിഡന്റ് ബൈഡന്റെ തീരുമാനം ഓഹരി നിക്ഷേപകരെ ആശങ്കപ്പെടുത്തി. ഇത് സ്വർണത്തിന് നേട്ടമാകുകയായിരുന്നു. കഴിഞ്ഞവാരം ഔൺസിന് 1,684 ഡോളറായിരുന്ന രാജ്യാന്തരവില 1,734 ഡോളറിലേക്ക് തിരിച്ചുകയറിയതാണ് ഇന്ത്യൻ വിലയിലും കുതിപ്പുണ്ടാക്കിയത്.