തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായുള്ള വൈദ്യുതി കരാറിനെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നുണയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി നേരിട്ടാണ് അദാനിയുമായി കരാറുണ്ടാക്കിയത്.എത്ര കമ്മീഷൻ കിട്ടിയെന്ന് മാത്രം മുഖ്യമന്ത്രി പറഞ്ഞാൽ മതിയെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
'പിണറായി- അദാനി കൂട്ടുകെട്ട് തെളിഞ്ഞു.അധിക വൈദ്യുതി ഉണ്ടായിരിക്കെ എന്തിനാണ് വൈദ്യുതി വാങ്ങുന്നത്? ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടേത്? ജനങ്ങളുടെ പോക്കറ്റടിക്കാൻ അദാനിക്ക് അവസരം ഒരുക്കി. സർക്കാർ ഈ വിഷയത്തിൽ ഉരുണ്ടു കളിക്കുന്നു. മോദിയ്ക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് അദാനി. പിണറായിയുടെ പല കേസുകളും മുങ്ങിപ്പോകാൻ കാരണം ഇതാണ്.'-പ്രതിപക്ഷ നേതാവ് പറഞ്ഞു.
തന്റെ ആരോപണങ്ങളെല്ലാം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അഴിമതിയും, കൊള്ളയും മാത്രമാണ് അഞ്ച് വർഷക്കാലത്തെ പിണറായി സർക്കാരിന്റെ മുഖമുദ്ര. ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.