ആലപ്പുഴ: പുതുപ്പളളിക്കാർക്ക് അരിതാ ബാബുവെന്ന് പറഞ്ഞാൽ തങ്ങളുടെ എൽസമ്മയാണ്. ലാൽ ജോസ് സംവിധാനം ചെയ്‌ത 'എൽസമ്മ എന്ന ആൺകുട്ടി'യെന്ന സിനിമയിലെ എൽസമ്മ. നേരം പുലരുമ്പോൾ വീടുകളിൽ പാലുമായി എത്തുന്ന പുതുപ്പളളിക്കാരുടെ സ്വന്തക്കാരി. അപ്രതീക്ഷിതമായാണ് സ്ഥാനാർത്ഥി ആയതെങ്കിലും ഒട്ടും പരുങ്ങലില്ലാതെ ചുറുചുറുക്കോടെ കായംകുളത്തുകാരുടെ മനസിൽ ഇടം നേടുകയാണ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയായ അരിത ബാബു.
തന്നെ പോലെ സാധാരണ കുടുംബത്തിൽ നിന്ന് വന്ന ഒത്തിരി പേരെ കോൺഗ്രസ് പരിഗണിച്ചിട്ടുണ്ടെന്ന് അരിത പറയുന്നു. അച്ഛനൊരു ക്ഷീര കർഷകനാണ്. അസുഖ സംബന്ധമായി അച്ഛന് അതിൽ നിന്ന് മാറി നിൽക്കേണ്ടി വന്നപ്പോൾ കൊച്ചുനാൾ മുതൽ കണ്ടുവളർന്ന പശുക്കളേയും അതിന്റെ കിടാക്കളേയും വിട്ടുകൊടുക്കാൻ തോന്നിയില്ല. വരുമാന മാർഗം അതായത് കൊണ്ടു തന്നെ ആ മേഖലയിലേക്ക് തിരിഞ്ഞു. നാട്ടിൽ എല്ലാവരും വിളിക്കുന്നത് എൽസമ്മയെന്നാണ്. രാവിലെ സൊസൈറ്റിയിൽ പോകണം. അതുകഴിഞ്ഞ് ട്യൂഷൻ സെന്ററിൽ ക്ലാസെടുക്കാൻ പോകുന്നുണ്ട്. ഒപ്പം പൊതുപ്രവർത്തനവും സേവനമേഖലയുമായി മുന്നോട്ട് പോവുകയാണെന്നും അരിത പറഞ്ഞു. കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അരിത.
കായംകുളത്ത് പ്രചാരണം ചൂടുപിടിക്കുകയാണെന്നും കാലാവസ്ഥയുടെ ചൂടിനൊപ്പം പ്രവർത്തകരുടെ ചൂടും കൂടിയാകുമ്പോൾ തങ്ങൾ നല്ല ആത്മവീര്യത്തിലാണെന്നും അരിത വ്യക്തമാക്കി. പരമാവധി ആളുകളെ നേരിട്ട് കണ്ട് അവരോടൊപ്പം സമയം ചെലവഴിക്കാനാണ് ലക്ഷ്യമിടുന്നത്. നൂറ് ശതമാനം വിജയപ്രതീക്ഷയിലാണെന്നും അരിത ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സാദ്ധ്യത പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും അതിൽ വലിയ ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. പ്രിയങ്ക ഗാന്ധി വന്നതും വീടിന് നേരെയുണ്ടായ ആക്രമണവുമെല്ലാം പോസിറ്റീവായാണ് കാണുന്നത്. കായംകുളത്തിന്റെ വികസന പോരായ്‌മകൾ ചൂണ്ടി കാണിച്ചത് കൊണ്ടാണ് തന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. അഞ്ച് വർഷം വാഗ്ദാനങ്ങളല്ലാതെ ഒന്നും നടന്നിട്ടില്ല.
കായംകുളം താലൂക്ക് കായംകുളംകാരുടെ ചിരകാല അഭിലാഷമാണ്. ജയിച്ചാൽ നാട്ടുകാർക്ക് വേണ്ടി ഏറ്റവും ആദ്യം ചെയ്യുന്നത് കായംകുളം താലൂക്ക് യാഥാർത്ഥ്യമാക്കുന്നതായിരിക്കും. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ വനിതാപ്രാതിനിധ്യമില്ലെന്ന വിമർശനത്തോട് യോജിപ്പില്ലെന്നും അരിത വ്യക്തമാക്കി.