rahul-gandhi

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ സംവാദത്തിനിടെ മുന്‍ യു എസ് സെക്രട്ടറിയും ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ പ്രൊഫസറുമായ നിക്കോളാസ് ബേണ്‍സ് ആ ചോദ്യം രാഹുല്‍ ഗാന്ധിന് മുന്നില്‍ വച്ചത്. പ്രധാനമന്ത്രി ആയാല്‍ എന്തായിരിക്കും താങ്കള്‍ ചെയ്യുക എന്നാണ് അദ്ദേഹം രാഹുലിനോട് ചോദിച്ചത്. വളര്‍ച്ച കേന്ദ്രീകൃതമായ ആശയത്തില്‍ നിന്നും തൊഴില്‍ കേന്ദ്രീകൃതമായ ആശയത്തിലേക്ക് താന്‍ മാറുമെന്നായിരുന്നു അതിന് രാഹുല്‍ നല്‍കിയ മറുപടി.

രാജ്യത്തിന്റെ വികസനത്തിന് സാമ്പത്തിക വളര്‍ച്ച ആവശ്യമാണ്. അതേസമയം തന്നെ ഉല്‍പാദനവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിച്ചാല്‍ വളര്‍ച്ച സ്വാഭാവികമായി സംഭവിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂല്യവര്‍ദ്ധിത നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ രാജ്യത്ത് വളര്‍ച്ചയും തൊഴില്‍ അവസരവും സൃഷ്ടിക്കപ്പെടും. ഇതിന് ചൈന നല്ലൊരു മാതൃകയാണ്. തൊഴില്‍ പ്രശ്‌നം പറയുന്ന ഒരു ചൈനീസ് നേതാവിനെ പോലും താന്‍ കണ്ടിട്ടില്ല. ഒന്‍പത് ശതമാനം വളര്‍ച്ച നിരക്കിലല്ല തന്റെ താല്‍പര്യമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് താല്‍പര്യമെന്നും നിക്കോളാസിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. തെറ്റുകുറ്റങ്ങളില്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തിരഞ്ഞെടുപ്പ് സംവിധാനങ്ങളും മാദ്ധ്യമങ്ങളും നീതിന്യായ വ്യവസ്ഥയും നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കണം. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ അങ്ങനെയല്ല നടക്കുന്നത്. അസാമില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്വന്തം വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തികൊണ്ടു പോകുകയാണ്. ഇവിടെ ജയിക്കുക എന്നതിലുപരി സ്വതന്ത്രമായ തിരഞ്ഞെടുപ്പ് സംവിധാനമുണ്ടാകുക എന്നതാണ് ആവശ്യമെന്നും രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു.