kummanam

തിരുവനന്തപുരം: നേമത്ത് കോൺഗ്രസ് മാർക്‌സിസ്‌റ്റ് സഖ്യമെന്ന് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. കോൺഗ്രസും മാർക്‌സിസ്‌റ്റ് പാർട്ടിയും ചേർന്ന് മണ്ഡലത്തിൽ തനിക്കെതിരെ പ്രവർത്തിക്കുന്നു. മണ്ഡലത്തിലെ ന്യൂനപക്ഷങ്ങൾ തനിക്കൊപ്പമാണ്. നേമത്തെ കോമയിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേമത്ത് നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലാണ് കോൺഗ്രസ്-സി.പി.എം ധാരണ. കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഈ ധാരണയുടെ ഭാഗമാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. 'എന്നെ തോൽപ്പിക്കണമെന്ന് കോൺഗ്രസ് പറയുന്നു. എന്നെ തോൽപ്പിക്കണമെന്ന് സിപിഎം പറയുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്നനിലയ്‌ക്ക് നോക്കുമ്പോൾ ഇവിടെ കോൺഗ്രസ് മാർക്‌സിസ്‌റ്റ് സഖ്യമാണ്' കുമ്മനം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ഏ‌റ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് മൂന്ന് മുന്നണികളും അതാത് പാർട്ടികളിലെ അനുഭവ സമ്പത്തുള‌ള നേതാക്കളെ തന്നെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനുള‌ള ശ്രമത്തിലാണ്. സിപിഎമ്മിന്റെ വി.ശിവൻകുട്ടിയും കോൺഗ്രസിനായി വടകര എം.പി കെ.മുരളീധരനും ശക്തമായ പ്രചാരണവുമായി മുന്നേറുകയാണ്.