തിരുവനന്തപുരം: തപാൽ വോട്ടിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ബാലറ്റ് കൊണ്ടുപോകുന്നത് പ്ലാസ്റ്റിക് സഞ്ചിയിലാണെന്നും, ഇടതനല്ലാത്ത ബാലറ്റ് നശിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു.
വ്യാജ വോട്ടുകൾ പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ' തിരഞ്ഞെടുപ്പിന്റെ സുതാര്യത നഷ്ടപ്പെട്ടു.കള്ളവോട്ടിനെതിരെ നിയമ നടപടിയ്ക്കുള്ള സാദ്ധ്യതയ്ക്ക് ഹൈക്കോടതി വഴിയൊരുക്കിത്തന്നിട്ടുണ്ട്.അത് ഉപയോഗപ്പെടുത്താൻ സാധിച്ചാൽ വലിയ രീതിയിൽ കള്ളവോട്ട് നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. അതാണ് ഈ പ്രതിസന്ധിയിലും നേരിയ പ്രതീക്ഷ നൽകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെയും സുധാകരൻ രൂക്ഷമായി വിമർശിച്ചു. 'ആരാണ് കള്ളം പറയുന്നതെന്ന് ജനം മനസിലാക്കണം.കേരളത്തിലെ മുഖ്യമന്ത്രിയിൽ നിന്നൊരു കള്ളം ജനങ്ങൾ പ്രതീക്ഷിച്ചിട്ടില്ല. ജനങ്ങളുടെ മനസിൽ ഒരു രക്ഷകന്റെ പദവിയാണ് മുഖ്യമന്ത്രി എന്നുള്ളത്. ആ പദവിയോട് നീതി പുലർത്താൻ പിണറായി വിജയന് സാധിച്ചില്ല. കഴിഞ്ഞ അഞ്ച് വർഷം അദ്ദേഹം ജനങ്ങളോട് പറഞ്ഞ നുണ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പോലും പറഞ്ഞു കാണില്ല. ഇത്രയും അധ:പതിച്ച ഒരു മുഖ്യമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന് '-സുധാകരൻ പറഞ്ഞു.