ആദ്യ കിരീടമെന്ന സ്വപ്നം ഇക്കുറിയെങ്കിലും സഫലമാക്കാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ
കഴിഞ്ഞ 13 സീസണുകളിലും ഐ.പി.എല്ലിലെ ഏറ്റവും താരമൂല്യമേറിയ ടീമുകളിലൊന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരായിരുന്നു. എന്നാൽ ആളും തേരും ആനയും അമ്പാരിയുമൊക്കെയുണ്ടായിട്ടും പട്ടാഭിഷേകത്തിന് അവസരം കിട്ടാതെ പോയി. വിരാട് കൊഹ്ലി,എ.ബി ഡിവില്ലിയേഴ്സ്,ക്രിസ് ഗെയ്ൽ തുടങ്ങിയ സൂപ്പർ താരങ്ങളൊക്കെ അണിനിരന്ന സീസണുകളിലും സിനിമയിലെ ബിന്ദു പണിക്കർ കഥാപാത്രം പറയുംപോലെ റിസൾട്ട് വരുമ്പോൾ ആർ.സി.ബി പൊട്ടിയിരിക്കും.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മൂന്നു ഫോർമാറ്റുകളിലും നയിക്കുന്ന വിരാട് കൊഹ്ലിക്ക് ഇനിയും ഉത്തരം കിട്ടാത്ത സമസ്യയാണ് ഐ.പി.എൽ കിരീടധാരണം.2011ലാണ് വിരാട് ബാംഗ്ളൂരിന്റെ ക്യാപ്ടൻസി ഏറ്റെടുക്കുന്നത്. ഇതുവരെ 96 മത്സരങ്ങളിൽ നയിച്ചു.വിജയിപ്പിക്കാൻ കഴിഞ്ഞത് 44 മത്സരങ്ങളിൽ മാത്രം.47 കളികൾ തോറ്റപ്പോൾ രണ്ടെണ്ണം ടൈ ആയി.മൂന്നെണ്ണം ഫലമില്ലാതെയും പോയി.2013ൽ ക്യാപ്ടൻസി ഏറ്റെടുത്ത രോഹിത് ശർമ്മ അഞ്ചുതവണയാണ് മുംബയ് ഇന്ത്യൻസിനെ കിരീടമണിയിച്ചത്. ആ രോഹിതാണ് ഇന്ത്യൻ ടീമിൽ വിരാടിന്റെ ഉപനായകൻ.
പുതിയ മുഖം
പതിവുപോലെ മികച്ച താരനിര തന്നെയാണ് ആർ.സി.ബിക്കുള്ളത്. ഇക്കഴിഞ്ഞ താരലേലത്തിൽ ആസ്ട്രേലിയൻ ആൾറൗണ്ടർ ഗ്ളെൻ മാക്സ്വെല്ലിനെയും ന്യൂസിലാൻഡ് പേസർ കൈൽ ജാമീസണിനെയും സ്വന്തമാക്കിയിട്ടുണ്ട്.
സൂപ്പർ ഫൈവ്
1.വിരാട് കൊഹ്ലി
വ്യക്തിഗത പ്രകടനത്തിൽ എന്നും മുന്നിൽനിൽക്കുന്ന വിരാട് കഴിഞ്ഞ സീസണിലും മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചിരുന്നു.
2.എ.ബി ഡിവില്ലിയേഴ്സ്
പ്രായം തളർത്താത്ത പോരാളി. ഈ ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തിരിച്ചെത്താൻ കൊതിക്കുന്നു.
3.ഗ്ളെൻ മാക്സ്വെൽ
കഴിഞ്ഞ സീസണിൽ ഏറ്റവുമധികം നിരാശപ്പെടുത്തിയ താരങ്ങളിലൊരാൾ മാക്സ്വെൽ ആയിരുന്നു. എന്നാൽ ഇക്കുറി 14.25 കോടി നൽകിയാണ് ആർ.സി.ബി സ്വന്തമാക്കിയത് എന്നതുതന്നെ മാക്സ്വെല്ലിന് മേലുള്ള പ്രതീക്ഷകളുടെ വലിപ്പം വ്യക്തമാക്കുന്നു.
4.കൈൽ ജാമീസൺ
15 കോടി രൂപ മുടക്കിയാണ് കിവീസ് പേസറായ ജാമീസണെ എത്തിച്ചിരിക്കുന്നത്.
5.യുസ്വേന്ദ്ര ചഹൽ
ദേശീയ ടീമിൽ മോശം ഫോമിലാണെങ്കിലും ആർ.സി.ബി കുപ്പായത്തിലിറങ്ങുമ്പോൾ ചഹൽ വേറേ ലെവലാണ്.
കൊവിഡ് പണി
ആർ.സി.ബിക്ക് കൊവിഡ് പണി നൽകിയിരിക്കുന്നത് ദേവ്ദത്ത് പടിക്കലിലൂടെയാണ്. കഴിഞ്ഞ സീസണിൽ ആർ.സി.ബിക്ക് തകർപ്പൻ തുടക്കമിട്ട ഈ മറുനാടൻ മലയാളി ഓപ്പണർക്ക് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറക്കാൻ നല്ല അവസരമായിരുന്നു ഈ ഐ.പി.എൽ. കൊവിഡ് പോസിറ്റീവായതോടെ ആദ്യ മത്സരങ്ങളിൽ ദേവ്ദത്ത് ഉണ്ടാവില്ല.
ഉൾക്കരുത്ത്
വിരാട്,ഡിവില്ലിയേഴ്സ്,ദേവ്ദത്ത്,ഫിൻ അല്ലെൻ,ജോഷ് ഫിലിപ്പ്,മാക്സ്വെൽ തുടങ്ങിയവരാണ് ബാറ്റിംഗിന് ശക്തിപകരാനുള്ളത്.
പേസ് ബാറ്ററിയിൽ ജാമീസണിനാെപ്പം മുഹമ്മദ് സിറാജ്,നവ്ദീപ് സെയ്നി,കേൻ റിച്ചാർഡ്സൺ,ഹർഷൽ പട്ടേൽ തുടങ്ങിയവരുമുണ്ട്.
യുസ്വേന്ദ്ര ചഹലാണ് സ്പിൻ അറ്റാക്കിന് നേതൃത്വം നൽകുന്നത്.ആദം സാംപ, വാഷിംഗ്ടൺ സുന്ദർ, ഷഹ്ബാസ് നദീം തുടങ്ങിയവർ കൂടെയുണ്ട്.
മലയാളിത്തിളക്കം
എടപ്പാളുകാരനായ ദേവ്ദത്താണ് പ്രധാന മലയാളിത്തിളക്കം. സെയ്ദ് മുഷ്താഖ് ട്രോഫിയിൽ കേരളത്തിന് വേണ്ടി ട്വന്റി-20 ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാനായി ചരിത്രം കുറിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിന്റെ രഞ്ജി ക്യാപ്ടനായിരുന്ന സച്ചിൻ ബേബിയും വിരാടിന്റെ സംഘാംഗമാണ്.
ഐ.പി.എല്ലിൽ ഇതുവരെ
2008- ഏഴാം സ്ഥാനം
2009- റണ്ണേഴ്സ് അപ്പ്
2010-പ്ളേ ഒാഫ്(3-ാം സ്ഥാനം)
2011-റണ്ണേഴ്സ് അപ്പ്
2012-അഞ്ചാം സ്ഥാനം
2013-അഞ്ചാം സ്ഥാനം
2014-ഏഴാം സ്ഥാനം
2015-പ്ളേ ഒാഫ്(3-ാം സ്ഥാനം)
2016-റണ്ണേഴ്സ് അപ്പ്
2017-എട്ടാം സ്ഥാനം
2018-ആറാം സ്ഥാനം
2019-എട്ടാം സ്ഥാനം
2020-പ്ളേ ഒാഫ്(4-ാം സ്ഥാനം)
പരിശീലകൻ : സൈമൺ കാറ്റിച്ച് (ആസ്ട്രേലിയ)
കഴിഞ്ഞ സീസൺ അവസാനിച്ചതുമുതൽ ഞങ്ങളുടെ പ്രകടനം വലകുറി ആഴത്തിൽ വിശകലനം ചെയ്തിരുന്നു. പിഴവുകൾ കണ്ടെത്തി പരിഹരിച്ചും വേണ്ട പൊസിഷനുകളിൽ അനുയോജ്യരായ കളിക്കാരെ ഉൾപ്പെടുത്തിയുമാണ് പുതിയ സീസണിന് തയ്യാറെടുത്തിരിക്കുന്നത്. മുഹമ്മദ് അസ്ഹറുദ്ദീനെയും ദേവ്ദത്ത് പടിക്കലിനെയും പോലുള്ള പ്രതിഭാധനരായ യുവതാരങ്ങളിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്.
- സൈമൺ കാറ്റിച്ച്
ആദ്യ മത്സരം
ഏപ്രിൽ 9
Vs മുംബയ് ഇന്ത്യൻസ്