chathurmukham-

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണത്തോടെ മഞ്ജു വാര്യര്‍-സണ്ണി വെയ്ന്‍ ടീം പ്രധാനവേഷങ്ങളിലെത്തുന്ന ചതുര്‍മുഖം സിനിമയുടെ ട്രെയിലർ എത്തി. ഹൊറര്‍ ചിത്രത്തിന്റെ എല്ലാ ആകാംക്ഷയും സസ്‌പെന്‍സും നിലനിര്‍ത്തികൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെയിലർ യൂട്യൂബില്‍ ട്രെന്‍ഡാകുകയാണ്.

പതിവു ഹൊറര്‍ സിനിമകളിലെ പോലെ സാരിയുടുത്ത പ്രേതമോ, പ്രേതബാധയുള്ള വീടോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന ചതുര്‍മുഖം, ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് പുറമേ നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരാനിര ചിത്രത്തില്‍ അണിനിരക്കുന്നു.

വിഷ്വല്‍ഗ്രാഫിക്‌സിനും സൗണ്ട് ഡിസൈനിങിനും പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മിച്ചിരിക്കുന്ന സിനിമയുടെ പ്രധാന ഹൈലൈറ്റ് തന്നെ ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.