ഇടുക്കി: ജില്ലയിലെ മൂന്നാർ, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായി നിയമിതനായ നരേഷ് കുമാർ ബൻസലിനെതിരെ വ്യാപക പരാതിയുമായി തിരഞ്ഞെടുപ്പ് ചുമതലയുളള ഉദ്യോഗസ്ഥർ. 42ഓളം ഉദ്യോഗസ്ഥരാണ് തങ്ങൾ സർക്കാർ ഉദ്യോഗസ്ഥരാണെന്ന ചിന്തയോ സാമാന്യ മര്യാദയോ പോലുമില്ലാതെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ പെരുമാറുന്നു എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെട്ടത്.
മാർച്ച് മുപ്പതിന് അയച്ച പരാതിയിൽ ഗൗരവകരമായ ആരോപണങ്ങളാണുളളത്. നരേഷ് കുമാറിനും കുടുംബത്തിനും ആവശ്യമുളള സാധനങ്ങളോ ആഹാരമോ വാങ്ങാൻ സ്വന്തം കൈയിൽ നിന്നും ഉദ്യോഗസ്ഥർ പണം ചിലവഴിക്കണം. തിരഞ്ഞെടുപ്പ് ചിത്രീകരിക്കുന്ന സംഘത്തിനുളള വാഹനം ഉപയോഗിച്ച് ബൻസലും കുടുംബവും മധുരയ്‌ക്ക് പോയി. തുടർന്ന് സംഘത്തിന് നടന്നാണ് രംഗങ്ങൾ ചിത്രീകരിക്കേണ്ടി വന്നത്. ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന രീതിയിൽ എപ്പോഴും സംസാരിക്കുന്ന അദ്ദേഹം സ്വന്തം ഷൂസ് സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ട് വൃത്തിയാക്കിച്ചു.
സർക്കാർ നൽകിയ മൂന്നാർ ഗവൺമെന്റ് ഗസ്‌റ്റ്ഹൗസ് ഉപേക്ഷിച്ച് ആഡംബര റിസോർട്ടായ 'ടീ കൗണ്ടി'യിൽ റൂമെടുത്തു. ഇതുമൂലം സർക്കാരിന് വൻ ബാദ്ധ്യതയാണ് ഉണ്ടാകുന്നത്. ഉന്നതതല യോഗത്തിൽ സബ് കളക്‌ടറോട് പോലും മോശമായാണ് ഇദ്ദേഹം പെരുമാറിയത്. യോഗത്തിനിടെ ദേവികുളം ആർഡിഒയോട് തനിക്ക് ജെൽ പേന വാങ്ങാൻ പറഞ്ഞയച്ചു. ആവശ്യപ്പെട്ട ജോലി ചെയ്‌തില്ലെങ്കിൽ കടുത്ത ഭാഷയിൽ വിമർശിക്കും. തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പുറമെ ജില്ലാ കളക്‌ടർക്കും, ഡിഇഒയ്‌ക്കും ഉടുമ്പൻചോല, ദേവികുളം റിട്ടേണിംഗ് ഓഫീസർമാർക്കും ഉദ്യോഗസ്ഥർ പരാതി നൽകി.