പ്രമാടം: കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോന്നിയിലെത്തിയത്. ശരണം വിളിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗം ഏറെ ചർച്ചയായിരുന്നു. പ്രചാരണ വേദിയിൽ അദ്ദേഹത്തെ തേടിയെത്തിയ ഒരു സമ്മനത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ചെങ്ങന്നൂരിലെ എൻ ഡി എ സ്ഥാനാർത്ഥി എം വി ഗോപകുമാറാണ് മോദിയ്ക്ക് സമ്മാനം നൽകിയത്. എന്താണ് ആ സമ്മാനം എന്നല്ലേ? അമ്മയ്ക്കൊപ്പമിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് അദ്ദേഹം നൽകിയത്. കുറച്ചുസമയം തനിക്ക് കിട്ടിയ സമ്മാനത്തിലേക്ക് നോക്കി നിന്ന പ്രധാനമന്ത്രിയ്ക്ക് അറിയേണ്ടിയിരുന്നത് ഇതാരാണ് വരച്ചതെന്നായിരുന്നു.
ചോദ്യം കേട്ടയുടൻ പത്താം ക്ലാസുകാരനായ ശരൺ ശശികുമാറിനെ നേതാക്കൾ ചൂണ്ടിക്കാണിച്ചു. കൊച്ചുകുട്ടിയാണ് ചിത്രം വരച്ചതെന്നറിഞ്ഞതോടെ മോദിയുടെ മുഖത്ത് ഇരട്ടി സന്തോഷം.കൈ ഉയർത്തി പ്രധാനമന്ത്രി ശരണിനെ സ്‌നേഹത്തോടെ അഭിവാദ്യം ചെയ്തു.
ചിത്രരചനയിൽ വേൾഡ് റെക്കോർഡ്, ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡ്,ഏഷ്യൻ ബുക്ക് ഒഫ് റെക്കോർഡ് തുടങ്ങി നരവധി പുരസ്‌കാരങ്ങൾ ശരൺ സ്വന്തമാക്കിയിട്ടുണ്ട്.ഇന്ത്യൻ മോഡൽ സ്‌കൂൾ വിദ്യാർത്ഥിയാണ്.
ലോക്ഡൗൺ കാലത്താണ് ശരൺ മുഖചിത്രങ്ങൾ വരച്ചുതുടങ്ങിയത്. ദുബായിൽ വ്യവസായിയായ മാവേലിക്കര ചെന്നിത്തല കാരായ്മ ശ്രീവിഹാറിൽ ശശികുമാറിന്റെയും ബിന്ദുവിന്റെയും മകനാണ്. കൃഷ്ണാനന്ദിന്റെ ശിക്ഷണത്തിലാണ് ചിത്രരചനാപഠനം.