തിരുവനന്തപുരം: വോട്ടെടുപ്പിന് ഒരു ദിനം മാത്രം ബാക്കി നിൽക്കെ തലസ്ഥാനത്തിന്റെ മനം എങ്ങോട്ടാണെന്ന് അറിയാതെ മുന്നണികൾ തല പുകയ്ക്കുകയാണ്. കാരണം മറ്റൊന്നുമല്ല, മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ത്രികോണ മത്സരത്തിനാണ് ജില്ല സാക്ഷിയാകുന്നത്. ജില്ലയിൽ ആകെ 14 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2016ൽ എൽ.ഡി.എഫ് 10 മണ്ഡലങ്ങൾ നേടിയപ്പോൾ യു.ഡി.എഫിന് മൂന്ന് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ നേമത്തെ സീറ്റിൽ മാത്രമായി ഒതുങ്ങി. എന്നാൽ, അഞ്ച് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മുന്നണികൾക്ക് വിജയം ഉറപ്പിക്കാൻ കഴിയാത്ത തരത്തിലേക്ക് രാഷ്ട്രീയ സാഹചര്യം മാറിയിട്ടുണ്ട്. നിലവിലെ ഭൂരിഭാഗം സീറ്റുകളും നിലനിറുത്താൻ കഴിയുന്ന സാഹചര്യം ഭരണപക്ഷത്തിനുണ്ടെങ്കിലും ജനമനസ് അപ്രവചനയീമാണ്. അത് സി.പി.എമ്മിനെ അലോസരപ്പെടുത്തുമ്പോൾ കോൺഗ്രസും ബി.ജെ.പിയും പ്രതീക്ഷ വയ്ക്കുന്നു.
ഗ്ളാമർ മണ്ഡലങ്ങൾ
ജില്ലയിലെ പ്രധാന ഗ്ളാമർ മണ്ഡലങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുന്ന കഴക്കൂട്ടം, കെ. മുരളീധരൻ മത്സരിക്കുന്ന നേമം, തലസ്ഥാനത്തിന്റെ ഹൃദയഭാഗമായ തിരുവനന്തപുരം സെൻട്രൽ എന്നിവയാണ്.
കഴക്കൂട്ടം കയറുന്നതാര്
ശബരിമല പത്തനംതിട്ടയിലാണെങ്കിലും പ്രചാരണ രംഗത്ത് ഈ വിഷയം ഏറ്റവും കൂടുതൽ കത്തിനിന്നത് കഴക്കൂട്ടത്താണ്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇടത് സ്ഥാനാർത്ഥി. ശബരിമല പ്രക്ഷോഭം നടന്നപ്പോൾ വിശ്വാസികൾക്കൊപ്പം അടിയുറച്ച് നിന്ന എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനാണ് ഇവിടെ കടകംപള്ളിക്ക് വെല്ലുവിളി ഉയർത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ ആരോഗ്യമേഖലയിലെ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഡോ.എസ്.എസ്.ലാൽ കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങുമ്പോൾ അട്ടിമറി വിജയത്തിന് യു.ഡി.എഫ് കോപ്പ് കൂട്ടുന്നു. ശരിക്കുമൊരു ത്രികോണ മത്സരത്തിന്റെ പ്രതീതിയാണിവിടെ.
നേമം ആരെടുക്കും
ബി.ജെ.പിക്ക് ബാലികേറാമലയായിരുന്ന കേരളത്തിൽ 2016ൽ അക്കൗണ്ട് തുറക്കാൻ അവസരം നൽകിയത് നേമമാണ്. 1996 ലും 2011ലും സി.പി.എമ്മും 2001ലും 2006ലും കോൺഗ്രസുമായിരുന്നു നേമത്തെ രാജാക്കന്മാർ. കഴിഞ്ഞ തവണ ബി.ജെ.പിയിലെ ഒ. രാജഗോപാൽ ജയിച്ചപ്പോൾ സി.പി.എം രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസാകട്ടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പിയ്ക്ക് ശക്തമായ സ്വാധീനവും അടിത്തറയും ഉള്ള മണ്ഡലമായതിനാൽ തന്നെ ഇവിടെ പാർട്ടി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനത്തെ അടിയറ പറയിച്ച കെ. മുരളീധരൻ തന്നെയാണ് നേമത്ത് എതിരാളി. മുൻ എം.എൽ.എയായ വി .ശിവൻകുട്ടിയാണ് ഇവിടെ ഇടതുസ്ഥാനാർത്ഥി. നേമം മൂന്ന് മണികളെയും സംബന്ധിച്ചടത്തോളം പ്രസ്റ്റീജ് മണ്ഡലമാണ്.
പദ്മനാഭന്റെ തിരുവനന്തപുരം
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി തിരുവനന്തപുരത്ത് കോൺഗ്രസിന്റെ വി.എസ്. ശിവകുമാർ ആണ് ജയിച്ചുവരുന്നത്. ഇടതുപക്ഷത്ത് നിന്ന് ആന്റണി രാജുവാണ് മണ്ഡലം തിരിച്ചു പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി കൃഷ്ണകുമാറും രംഗത്തെത്തുമ്പോൾ വിജയിക്കാൻ കഠിനമായ പരിശ്രമം വേണ്ടിവരും.
വട്ടിയൂർക്കാവിന്റെ നാഥൻ ആര്
വട്ടിയൂർക്കാവ് മണ്ഡലം ശ്രദ്ധേയമാകുന്നത് യുവപോരാളികളുടെ പോരാട്ടം കൊണ്ടാണ്. തലസ്ഥാനത്തിന്റെ സ്വന്തം മേയർ ബ്രോ വി.കെ.പ്രശാന്ത് ഉപതിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച മണ്ഡലമാണിത്. 17 മാസമേ പ്രശാന്തിന് എം.എൽ.എ ആയിരിക്കാൻ കഴിഞ്ഞുള്ളൂ. എങ്കിലും വിജയത്തുടർച്ച ഉണ്ടാകുമെന്ന് എൽ.ഡി.എഫ് വിശ്വസിക്കുന്നു. 2011ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചെടുക്കണമെന്ന ദൃഢപ്രതിജ്ഞയോടെയാണ് കോൺഗ്രസ് മുരളീധരനെ ഇറക്കിയത്. അത് ഫലം കാണുകയും ചെയ്തു. തുടർന്ന് 2016ലും മുരളി വിജയം ആവർത്തിച്ചു. എന്നാൽ, 2019ൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ മുരളീധരനെ മത്സരിപ്പിച്ചതോടെ വട്ടിയൂർക്കാവ് മണ്ഡലം കൈവിട്ടുപോയി. ഉപതിരഞ്ഞെടുപ്പിൽ വി.കെ. പ്രശാന്ത് വിജയതിലകമണിഞ്ഞു. ഇത് തിരിച്ചുപിടിക്കാൻ യുവതാരം വീണാ എസ്. നായരെയാണ് കോൺഗ്രസ് ഇറക്കിയിരിക്കുന്നത്. വി.വി. രാജേഷാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി. മൂവരും അഭിഭാഷകരാണെന്ന സവിശേഷതയും ഉണ്ട്.
തിരയടിക്കുന്ന കോവളം
യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായാണ് കോവളത്തെ വിലയിരുത്തുന്നത്. എന്തുവന്നാലും തങ്ങൾ നിലനിറുത്തുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ ഉറച്ചു വിശ്വസിക്കുന്ന മണ്ഡലങ്ങളാണ് അരുവിക്കരയും കോവളവും. മുമ്പ് പലതവണ വിജയിച്ച നീലലോഹിതദാസൻ നാടാരെയാണ് എൽ.ഡി.എഫ് ഇക്കുറി പരീക്ഷിക്കുന്നത്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി സിറ്റിംഗ് എം.എൽ.എയായ എം. വിൻസെന്റാണ്. വിഷ്ണുപുരം ചന്ദ്രശേഖരനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
പുതുമുഖങ്ങളുടെ നെടുമങ്ങാട്
നെടുമങ്ങാട് മണ്ഡലത്തിൽ ഏറ്റുമുട്ടുന്നവർ മൂവരും പുതുമുഖങ്ങളാണ്. ജി.ആർ.അനിൽ (എൽ.ഡി.എഫ്), പി.എസ്. പ്രശാന്ത് (യു.ഡി.എഫ്), ജെ.ആർ. പദ്‌മകുമാർ (എൻ.ഡി.എ) എന്നിവരാണ് ഇവിടെ സ്ഥാനാർത്ഥികൾ.കഴിഞ്ഞ തവണ എൽ.ഡി.എഫ് ജയിച്ച മണ്ഡലമാണിത്. നിലനിറുത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും ശക്തി തെളിയിക്കാൻ ബി.ജെ.പിയും കച്ചമുറുക്കുമ്പോൾ ഫലം പ്രവചനാതീതം.
പാറശാലയുടെ നായകനെ കാത്ത്
സി.പി.എമ്മിന്റെ സിറ്രിംഗ് സീറ്റായ പാറശാലയിൽ സി.കെ.ഹരീന്ദ്രൻ ഒരിക്കൽ കൂടി അങ്കത്തിനിറങ്ങുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. എന്നാൽ, പുതുമുഖവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ അൻസജിതാ റസലിനെയാണ് പാറശാല പിടിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്. കരമന ജയനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
നെയ്യാറ്റിൻകര ആരെ പുൽകും
സിറ്റിംഗ് എം.എൽ.എ കെ. ആൻസലനും മുൻ എം.എൽ.എ കോൺഗ്രസിലെ ആർ. സെൽവരാജും ഏറ്റുമുട്ടുന്ന നെയ്യാറ്റിൻകരയിൽ കനത്തവെല്ലുവിളി ഉയർത്തി എൻ.ഡി.എയുടെ ചെങ്കൽ എസ്. രാജശേഖരൻ നായരുമുണ്ട്.
ആറ്റിങ്ങൽ കോട്ട കാക്കുന്നതാരാവും
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം എൽ.ഡി.എഫിന് നൽകിയ മണ്ഡലമാണ് ആറ്റിങ്ങൽ. രണ്ട് തവണ വിജയിച്ച ബി. സത്യനെ മാറ്റി ഒ.എസ്. അംബിക എന്ന പുതുമുഖത്തെയാണ് എൽ.ഡി.എഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. ആർ.എസ്.പിയ്ക്ക് നൽകിയിട്ടുള്ള ഈ സീറ്റിൽ യു.ഡി.എഫിനായി എ. ശ്രീധരനാണ് മത്സരിക്കുന്നത്. അഡ്വ. പി. സുധീറാണ് എൻ.ഡി.എയ്ക്ക് വേണ്ടി മത്സരരംഗത്തുള്ളത്. മുൻതൂക്കമുണ്ടെങ്കിലും ഫലം വരുന്നതിന് മുമ്പ് വിജയം പ്രവചിക്കുക ഏറെക്കുറെ അസാദ്ധ്യമാണ്. ആര് ജയിച്ചാലും സഭയിൽ കന്നി പ്രവേശനമായിരിക്കും.
ചിറയിൻകീഴിന്റെ മനം ആർക്ക്
ഡെപ്യൂട്ടി സ്‌പീക്കർ വി. ശശിയുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴിൽ ബി.എസ്. അനൂപ് എന്ന പുതുമുഖത്തെയാണ് കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം പിടിക്കാൻ യു.ഡി.എഫ് പരീക്ഷിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലറായ യുവരക്തം ജി.എസ്. ആശാനാഥ് ആണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി. സീനിയറും ജൂനിയറും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഫലം പ്രവചനാതീതം.
വർക്കല വാഴുന്നതാര്
സിറ്റിംഗ് എം.എൽ.എ വി. ജോയിയെയാണ് വർക്കലയിൽ എൽ.ഡി.എഫ് വീണ്ടും മത്സരിപ്പിക്കുന്നത്. ബി.ആർ.എം. ഷഫീർ എന്ന പുതുമുഖമാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എ സ്ഥാനാർത്ഥി അജി എസ്.ആർ.എമ്മും ശക്തമായ സാന്നിദ്ധ്യമായി വർക്കലയിൽ എത്തുമ്പോൾ പോരാട്ടം തീപാറുമെന്ന് ഉറപ്പ്. മൂന്ന് സ്ഥാനാർത്ഥികളും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു എന്നതിനാൽ തന്നെ ആർക്കും വിജയം അവകാശപ്പെടാനാകുന്ന സ്ഥിതിയാണ്.
വാമനപുരത്തിന്റെ അധിപനാര്
ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായ വാമനപുരത്ത് പക്ഷേ, ഇത്തവണ ശക്തമായ പോരാട്ടമാണ്. സിറ്റിംഗ് എം.എൽ.എയായ ഡി.കെ. മുരളി രണ്ടാം അങ്കത്തിനിറങ്ങുമ്പോൾ മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് ആനാട് ജയനെ ആണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതുവരെ ഒരു തോൽവി പോലും അറിയാത്ത ജയനിലൂടെ മണ്ഡലത്തിൽ അട്ടിമറി വിജയം നേടാമെന്ന കണക്കുകൂട്ടലാണ് യു.ഡി.എഫിന്. തഴവ സഹദേവനാണ് ഇവിടെ എൻ.ഡി.എയുടെ പോരാളി.
അരുവിക്കര കൈക്കലാക്കാൻ
കോവളത്തെ പോലെ തന്നെ യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണ് അരുവിക്കര. മുൻ സ്‌പീക്കറും അന്തരിച്ച കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥൻ ആണ് ഇവിടെ തുടർച്ചയായ രണ്ടാം തവണയും ജനവധി തേടുന്നത്. വിജയം ആവർത്തിക്കാൻ ശബരീനാഥൻ ലക്ഷ്യമിടുമ്പോൾ ഇടതുസ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജി. സ്റ്റീഫൻ പുതുമുഖമാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സി. ശിവൻകുട്ടിയാണ്.
കാട്ടാക്കടയുടെ നായകൻ ആരാകും
സിറ്റിംഗ് എം.എൽ.എ ആയ ഐ.ബി. സതീഷാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. പുതുമുഖമായ മലയിൻകീഴ് വേണുഗോപാലിനെയാണ് മണ്ഡലം പിടിച്ചെടുക്കാനായി കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന മുൻ പ്രസിഡന്റ് പി.കെ. കൃഷ്‌ണദാസാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി. തുല്യശക്തരായ മൂന്ന് പേരുടെ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.
2016ലെ വോട്ട് ശതമാനം
എൽ.ഡി.എഫ്....40.44
യു.ഡി.എഫ്........35.73
എൻ.ഡി.എ........22.14