police

തിരുവനന്തപുരം: ചട്ടവിരുദ്ധമായി 15 പൊലീസുകാര്‍ക്ക് സ്ഥാനകയറ്റം നല്‍കിയ സര്‍ക്കാരിനെ വെട്ടിലാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ സ്റ്റേ. കൃത്യമായ പരീക്ഷയോ പരിശീലനമോ ഇല്ലാത്ത 15 പേര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇതേ ബാച്ചിലുള്ള ഒരു പൊലീസുദ്യോഗസ്ഥന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. അഡ്മിനിട്രേറ്റീവ് ട്രിബ്യൂണല്‍ സ്ഥാനക്കയറ്റം സംബന്ധിച്ചുള്ള രേഖകളും വിശദാംശങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ പതിനഞ്ച് പേരുടേയും സ്ഥാനക്കയറ്റം സംബന്ധിച്ച തുടര്‍നടപടികള്‍ ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു.

സാധാരണഗതിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റത്തിന് ഹെഡ്കോണ്‍സ്റ്റബിള്‍ ടെസ്റ്റോ മൂന്ന് മാസത്തെ പരിശീലനമോ പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയുണ്ട്. പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സബ് ഇന്‍സ്പെക്ടര്‍മാരായി സ്ഥാനക്കയറ്റം നല്‍കിയത്. ഇവരെല്ലാം തന്നെ ഇടതുപക്ഷ അനുകൂലികളാണ്. ട്രിബ്യൂണല്‍ നടപടി സ്റ്റേ ചെയ്തതോടെ സര്‍ക്കാരും പൊലീസ് അസോസിയേഷനും ഒരേസമയം വെട്ടിലായി.

അതേസമയം ട്രിബ്യൂണലിന്റെ വിധി പുറത്തു വന്ന മാര്‍ച്ച് 31-ന് തന്നെ അനധികൃത സ്ഥാനക്കയറ്റം നല്‍കിയ ഉദ്യോഗസ്ഥരെ പരിശീലനത്തിന് വിട്ടുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിലൂടെ ആരോപണത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാമെന്നും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. സി.ആര്‍ ബിജുവിന് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇയാളുടെത് പിന്‍വാതില്‍ നിയമനമാണെന്ന ആരോപണവും ചില പൊലീസ് വാട്സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. സ്വര്‍ണക്കടത്തടക്കമുള്ള കേസുകളില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ ഉദ്യോഗസ്ഥനെന്ന നിലയില്‍ സി.ആര്‍. ബിജുവിന്റെ സ്ഥാനക്കയറ്റം വിവാദമാകുന്നത്.