sdpi-league

കാസർകോട്: മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ലീഗിന്റെ എ.കെ.എം അഷ്‌റഫിനെ പിന്തുണയ്‌ക്കുമെന്ന് എസ്‌.ഡി‌.പി‌.ഐ ജില്ലാ നേതൃത്വം. ബിജെപിയെ തോൽപ്പിക്കാൻ മുസ്ളീം ലീഗിനേ കഴിയൂ എന്ന തിരിച്ചറിവിലാണ് മുസ്ളീം ലീഗ് സെക്രട്ടറി കൂടിയായ എ.കെ.എം അഷ്‌റഫിനെ പിന്തുണയ്‌‌ക്കുന്നതെന്ന് എസ്‌.ഡി‌.പി‌.ഐ അറിയിച്ചു. മണ്ഡലത്തിൽ യുഡിഎഫിനെ വിജയിപ്പിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങാനും എസ്‌.ഡി‌.പി‌.ഐ ആഹ്വാനം ചെയ്‌തു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനായി പാർട്ടി കെ.സുരേന്ദ്രനെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ ലീഗും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം.

2016ൽ വിജയിച്ച ലീഗ് നേതാവ് പി.ബി അബ്‌ദുൾ റസാക്ക് മരണമടഞ്ഞതിനെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിന്റെ എം.സി ഖമറുദ്ദീൻ 7923 വോട്ടിന് ബിജെപിയിലെ രവീശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രതിയായതോടെ ഖമറുദ്ദീന് പകരം ഇത്തവണ എ.കെ.എം അഷറഫിനെയാണ് ലീഗ് രംഗത്തിറക്കിയത്. 2011ലും 2016ലും 2019ലെ ഉപതിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ സിപിഎമ്മിന് മൂന്നാം സ്ഥാനമേ ലഭിച്ചിരുന്നുള‌ളു. 2019ൽ എം.ശങ്കര റെയ്‌ക്ക് 23 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.