chennithala-pinarayi

ആലപ്പുഴ: പിണറയി വിജയൻ ഭീരുവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതോ ഒരു ബോംബ് പൊട്ടുമെന്ന് പറഞ്ഞ് നടക്കുന്ന പിണറായി വെറും ഭീരുവാണെന്ന കാര്യം ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും ചെന്നിത്തല പരിഹസിച്ചു. ഞങ്ങളാരും ബോംബിടാൻ പോകുന്നില്ല. അങ്ങനൊന്നുണ്ടെങ്കിൽ അത് പൊട്ടിയിട്ടു പോരേ പേടിയേന്നും ചെന്നിത്തല ആക്ഷേപിച്ചു. കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

മത്സ്യത്തൊഴിലാളികളുടെ ശക്തമായവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും

എന്റെ നിയോജക മണ്ഡലങ്ങളായ തൃക്കുന്നപ്പുഴ ആറാട്ടുപ്പുഴ എന്നീ തീരദേശ മേഖലകൾ വളരെയേറെ ശക്തമായ രാഷ്‌ട്രീയ ബോധമുള്ള സ്ഥലങ്ങളാണ്. ആഴക്കടൽ മത്സ്യബന്ധന വിവാദം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ള സ്ഥലങ്ങളാണിത്. ദിവസേന കടലിൽ പോയാലേ മത്സ്യത്തൊഴിലാളികൾക്ക് ജീവിക്കാൻ കഴിയൂ. ഇപ്പോൾ തന്നെ മത്സ്യം കിട്ടാത്ത അവസ്ഥയാണ്. അവിടെയാണ് അമേരിക്കൻ കമ്പനിയെ സഹായിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിനെതിരെയുള്ള ശക്തമായ വികാരം മത്സ്യത്തൊഴിലാളികൾക്കിടയിലുണ്ട്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

ആക്രമണത്തിന് പിന്നിൽ സിപിഎം സൈബർ ഗുണ്ടകൾ

സോഷ്യൽ മീഡിയയിലടക്കം എനിക്കെതിരെ അപവാദങ്ങൾ സൃഷ്‌ടിക്കുന്നതിന് പിന്നിൽ സിപിഎമ്മിന്റെ സൈബർ ഗുണ്ടകളാണ്. പത്ര സമ്മേളനങ്ങൾ നടത്തുമ്പോൾ പോലും അഞ്ഞൂറ് പേർ ഒരുമിച്ച് വന്നാണ് ആക്രമണം. അതൊക്കെ ഒരുതരം ഫാസിസ്‌റ്റ് നടപടികളാണ്. തിരിച്ചങ്ങനെ ചെയ്യാൻ കോൺഗ്രസ് തയ്യാറല്ല. ഒന്നുകിൽ ആയുധം കൊണ്ട്, അല്ലെങ്കിൽ സോഷ്യൽമീഡിയയെ ഉപയോഗിച്ച് ആളുകളെ കൊല്ലുക എന്നത് സിപിഎമ്മിന്റെ ശൈലിയാണ്.

വൈദ്യുതി മന്ത്രിക്ക് വൈദ്യതി ബോർഡിനെ കുറിച്ച് എന്തെങ്കിലും അറിയുമോ?

വൈദ്യുതി ബോർഡിൽ എന്താണ് നടക്കുന്നതെന്ന് വൈദ്യുതി മന്ത്രിക്ക് അറിയാമോ? ട്രാൻസ് ഗ്രിഡ് അഴിമതിയെ പറ്റി ഞാൻ ഉന്നയിച്ചപ്പോൾ അദ്ദേഹത്തിന് ഒന്നുംപറയാനില്ലായിരുന്നു. അദാനിയും പിണറായിയും തമ്മിലുള്ള അഴിമതിയാണ് ഞാൻ കൊണ്ടുവന്ന കെഎസ്ഇബി വിവാദം. മോദിക്കും അതിൽ പങ്കുണ്ട്.

പിണറായി വിജയൻ കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നത്

സ്പ്രിൻക്ളർ വിവാദത്തെ ഇരട്ടവോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുന്നത് പിണറായി വിജയന് അതിനെ കുറിച്ച് അറിയാത്തതുകൊണ്ടാണ്. ഡേറ്റ ചോർച്ച എന്നുപറഞ്ഞാൽ ഒരു വ്യക്തിയുടെ രഹസ്യമായ കാര്യങ്ങളാണ്. എന്നാൽ ഇലക്ഷൻ കമ്മിഷന്റെ വെബ്‌സൈറ്റിൽ നിന്ന് ആർക്കും എടുക്കാവുന്ന വിവരം എങ്ങനെയാണ് ചോർത്തിയെന്ന് പറയുക. യഥാർത്ഥ വോട്ടർ അറിയാതെ അയാളുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കുന്നതിന് പിറകിൽ സിപിഎം തന്നെയാണ്.

ബിജെപിക്ക് ഒരു സീറ്റും കിട്ടാൻ പോകുന്നില്ല, ശ്രീധരൻ വന്നതുകൊണ്ട് ഒരു ചലനവുമുണ്ടാകില്ല

ഇത്തവണ ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റും കിടടാൻ പോകുന്നില്ല. ഇ ശ്രീധരൻ വന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൾ ഒന്നുമില്ല. ചില വോട്ടുകൾ കൂടുതൽ കിട്ടുമെന്നല്ലാതെ കാര്യമൊന്നുമില്ല.