kodiyeri

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാൻ തന്റെ അനാരോഗ്യത്തോടൊപ്പം മകൻ ബിനീഷിനെതിരായ കേസും കാരണമായതായി കോടിയേരി ബാലകൃഷ്‌ണൻ. ബിനീഷിനെതിരെ കേസ് വന്നപ്പോൾ സ്വാഭാവികമായും മാറി നിൽക്കണമെന്ന് തോന്നി. ആദ്യം ആരോഗ്യപരമായ കാരണത്താലാണ് മാറാൻ ആലോചിച്ചത്. അതോടൊപ്പം മകന്റെ കേസും വന്നതോടെ മാനസിക പ്രയാസമുണ്ടാക്കിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി കോടിയേരി ബാലകൃഷ്‌ണൻ സ്ഥാനം രാജിവച്ചപ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് അദ്ദേഹം മാറിയതെന്നായിരുന്നു സിപിഎം നൽകിയ വിശദീകരണം.

'മക്കൾക്കെതിരായ കേസുകളൊന്നും തന്റെ നിയന്ത്രണത്തിലുള‌ള കാര്യങ്ങളല്ല. മക്കളെല്ലാം മുതിർന്ന ആളുകളാണ്. ഇക്കാര്യങ്ങളിൽ അവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് തോന്നിയത്.' കോടിയേരി പറഞ്ഞു. കേസിൽ ബിനീഷ് പ്രതിയല്ലെന്ന് ഇപ്പോൾ മനസ്സിലായി. ഹോട്ടൽ തുടങ്ങാൻ ബാങ്ക് വഴി രേഖകൾ സഹിതം പണം നൽകിയതുമായി ബന്ധപ്പെട്ട കേസുകൾ മാത്രമാണ് ബിനീഷിനെതിരെ ഇപ്പോൾ നിലവിലുള‌ളതെന്നും കോടിയേരി അറിയിച്ചു. പി.ചിദംബരത്തിനും ഡി.കെ ശിവകുമാറിനും എതിരെ വരെ ഇങ്ങനെ കേന്ദ്ര ഏജൻസികൾ കേസെടുത്തു. കേന്ദ്ര ഏജൻസികൾക്ക് ആർക്കെതിരെ വേണമെങ്കിലും കേസെടുക്കാമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ബിനീഷിന്റെ അറസ്‌റ്റ് വിഷയം ജനങ്ങൾക്കിടയിൽ ചർച്ചയാകും എന്നതിനാൽ സ്ഥാനം രാജിവച്ചു. ഇത്തരത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളല്ലെന്നാണ് കേസ് വന്നപ്പോൾ ബിനീഷ് വ്യക്തമാക്കിയതെന്ന് കോടിയേരി പറഞ്ഞു. പൂർവാരോഗ്യത്തിലേക്ക് മടങ്ങിയെത്തുന്നതനുസരിച്ച് സ്ഥാനത്തിൽ തിരിച്ചെത്തുമെന്ന സൂചനകളും കോടിയേരി നൽകി.

രാജ്യം ശ്രദ്ധിക്കുന്ന കമ്മ്യൂണിസ്‌റ്റ് നേതാവാണ് ഇപ്പോൾ പിണറായി വിജയൻ. ജനങ്ങൾക്കിടയിൽ അദ്ദേഹത്തോട് പല മതിപ്പും ഉണ്ടായിട്ടുണ്ട്. അതിന്റെ പേരിലാണ് പുതിയ പേരുകൾ നൽകുന്നത്. പാർ‌ട്ടിയിൽ എല്ലാവരും പരസ്‌പരം സഖാവ് എന്നാണ് വിളിക്കുന്നതെന്നും പാർട്ടി കൂട്ടായ നേതൃത്വമാണെന്നും കോടിയേരി പറഞ്ഞു. ഇന്ന് പാർട്ടിയിൽ വിഭാഗീയത ഇല്ലെന്നും പാർട്ടി ഒ‌റ്റക്കെട്ടാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.