കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലില്‍ കയറി വടകര ഡിവൈഎസ്‌പിക്ക് പരിക്ക്. രാഹുല്‍ ഗാന്ധി കൊയിലാണ്ടിയില്‍ പ്രസംഗം കഴിഞ്ഞ് കുന്ന്യോറ മലയിലെ ഹെലിപ്പാടിലേക്കു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വടകര ഡിവൈഎസ്‌പി മൂസ്സ വള്ളിക്കാടനാണ് പരിക്കേറ്റത്. ഗ്രൗണ്ടിലുണ്ടായ തിരക്കിനിടെ താഴെ വീണ ഉദ്യോഗസ്ഥന്റെ കാലില്‍ അകമ്പടി വാഹനം കയറുകയായിരുന്നു.
അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍വിരല്‍ എല്ലിന് പൊട്ടലുണ്ടെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഡിവൈഎസ്‌പിക്ക് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനും അപകടത്തില്‍ നിസാര പരിക്കേറ്റു.