ആലപ്പുഴ: കായംകുളത്ത് 80 വയസ്സു കഴിഞ്ഞവരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത സംഭവത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ആലപ്പുഴ ജില്ലാ കളക്ടർ. വിശദീകരണം ലഭിച്ച ശേഷം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹരിപ്പാട് തൃക്കുന്നപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം ബിഎല്‍ഒ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഹരിപ്പാട് മണ്ഡലത്തിലെ തൃക്കുന്നപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തല പ്രചാരണത്തിന് എത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം ബിഎല്‍ഒയും പ്രചാരണ പരിപാടിയില്‍ പങ്കെടുത്തുവെന്ന് പരാതിയുണ്ട്. ഈ പരാതിയുമായി ബന്ധപ്പെട്ട വീഡിയോയും കളക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വീഡിയോയും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്.
കായംകുളത്തെ സംഭവത്തില്‍ സൊസൈറ്റിയില്‍ നിന്ന് പെന്‍ഷന്‍ വിതരണത്തിന് എത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുക മാത്രമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി ഉണ്ടായിരുന്നില്ല. എന്നാല്‍ അവരോടിപ്പോള്‍ സംഭവത്തില്‍ വിശദീകരണം ആരാഞ്ഞിരിക്കുകയാണ്. വിശദീകരണം ലഭിച്ച ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.