പച്ചപ്പട്ടുടുത്ത മനോഹരയിടം. കുളമാവിനെ സഞ്ചാരികൾക്ക് പ്രിയങ്കരിയാക്കുന്നതും ഇത് തന്നെയാണ്. കാറ്റും തണുപ്പും ശുദ്ധവായുനിറയുന്നയിടം. കുളമാവ് ഡാമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമപഞ്ചായത്തിലെ കുളമാവിൽ പെരിയാർ നദിക്കു കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ടാണ് കുളമാവ് അണക്കെട്ട്. വൈദ്യുതോല്‌പാദനം തന്നെയാണ് ഈ അണക്കെട്ടിന്റെയും ലക്ഷ്യം. ഇടുക്കി അണക്കെട്ടിന്റെ തെക്കുഭാഗത്തായാണ് കുളമാവ് അണക്കെട്ടിന്റെ സ്ഥാനം. തൊടുപുഴയിൽനിന്നും ഇടുക്കിയിലേക്കുള്ള പ്രധാന പാത ഈ അണക്കെട്ടിനു മുകളിലൂടെയാണെന്നതാണ് ഏറെ കൗതുകകരം. പറഞ്ഞാലും കണ്ടാലും മതിവരാത്തയിടങ്ങളാണ് ഇടുക്കിയിലുള്ളത്.
കുളമാവും അങ്ങനെ തന്നെ. മൂലമറ്റത്ത് നിന്നും ഇടത്തേക്ക് തിരിഞ്ഞാണ് കുളമാവിലേക്ക് പോകേണ്ടത്. നാടുകാണിയിൽ നിന്ന് തുടങ്ങുന്ന ശരിക്കുള്ള കാഴ്‌ചകൾ. 30 രൂപ ടിക്കറ്റെടുത്ത് വേണം നാടുകാണിയിലേക്ക് കയറാൻ, പ്രധാനപ്പെട്ട വ്യൂപോയിന്റാണ് ഇവിടം. നാടുകാണിയിൽ നിന്നു നോക്കിയാൽ മൂലമറ്റം പവർഹൗസും ടൗണും പള്ളിയുമെല്ലാം കാണാം. മഞ്ഞണിഞ്ഞ കുന്നുകളും മലയിടുക്കുകളുമൊക്കെ നമ്മെ കുളിര് കോരിക്കും. ഡാമിൽ നിന്നും കുറച്ചൊന്ന് മാറിയാൽ കാടിന്റെ വശ്യത നന്നായി ആസ്വദിക്കാൻ കഴിയും. വലിയമാവ് വനമേഖലയിലേക്ക് എത്തണമെന്ന് മാത്രം. സാഹസികത ഇഷ്‌ടപ്പെടുന്നവർക്ക് തീർച്ചയായും ആസ്വദിക്കാൻ കഴിയുന്നയിടമാണ് വലിയമാവ്. തിങ്ങി നിറഞ്ഞു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെയുള്ള മൺപാതയിലൂടെ വേണം ഓഫ് റോഡ് യാത്ര നടത്താൻ. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ളതുകൊണ്ട് തന്നെ വലിയമാവിലേക്കുള്ള യാത്ര കുറച്ച് ശ്രദ്ധയോടു കൂടി വേണം നടത്താൻ.
എത്തിച്ചേരാൻ
ഇടുക്കി ടൗണിൽ നിന്ന് കുളമാവിലേക്ക് 30കി മി ദൂരം.