കൊച്ചി: തിരഞ്ഞെടുപ്പ് ദിവസം തമിഴ്നാട് അതിർത്തികൾ അടയ്‌ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. പോളിംഗ് ദിവസം അതിർത്തികൾ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും സി സി ടി വി സംവിധാനം ഒരുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. ഇരട്ടവോട്ട് ആരോപണത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് അറിയിച്ചത്.
ഷാനിമോൾ ഉസ്‌മാൻ നൽകിയ ഹർജിയിൽ ഇരട്ടവോട്ട് ആരോപണമുയർന്ന ബൂത്തുകളിൽ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിർദേശിച്ചു. ആലപ്പുഴയിൽ സെൻസിറ്റീവ് ആയ 46 ശതമാനം ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഒരുക്കിയെന്ന് അറിയിച്ച കമ്മിഷൻ, സ്ഥാനാർത്ഥികൾ ആഗ്രഹിക്കുന്ന ബൂത്തിൽ സ്വന്തം ചെലവിൽ വീഡിയോ ചിത്രീകരിക്കാൻ അനുവദിക്കാൻ ആകില്ലെന്നും നിലപാടെടുത്തു.
തിരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടാൻ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജികൾ തീർപ്പാക്കി.