toy-collection

ലണ്ടൻ: ചെറുപ്പം മുതൽ സ്റ്റെഫാനി നസെല്ലോയുടെ ഉറ്റ ചങ്ങാതിമാർ പാവക്കുട്ടികളാണ്. പഠിക്കാൻ സമർത്ഥയായിരുന്നില്ല ബ്രിട്ടീഷുകാരിയായ സ്റ്റെഫാനി. ഇത് മൂലം സഹപാഠികൾ കുഞ്ഞുസ്റ്റെഫാനിയെ നിരന്തരം കളിയാക്കിയിരുന്നു. സ്കൂളിൽ തീർ‌ത്തും ഒറ്റപ്പെട്ട സ്റ്റെഫാനി മൂന്നാം വയസിൽ തനിയ്ക്ക് സമ്മാനമായി ലഭിച്ച കുതിരക്കുട്ടി പാവയെ ചങ്ങാതിയാക്കി. അന്നു മുതൽ ആരംഭിച്ച പാവ പ്രേമം 37ാം വയസിലും അൽപ്പം പോലും കുറഞ്ഞിട്ടില്ല. ഏകദേശം 4500 ഓളം പാവക്കുട്ടികൾ സ്റ്റെഫാനിയുടെ പക്കലുണ്ട്. കുതിരപ്പാവകളാണ് ഇതിലേറെയും. മൈ ലിറ്റിൽ പോണി പാവകളുടെ വലിയ ആരാധികയാണ് സ്റ്റെഫാനി. 30,000 പൗണ്ട് വിലമതിക്കുന്ന പാവകളാണിത്. അതായത് ഇന്ത്യൻനിരക്കിൽ ഇരുപത്തിരണ്ട് ലക്ഷം വരും പാവകളുടെ മൂല്യം. ഇപ്പോൾ വിപണിയിൽ ലഭ്യമല്ലാത്ത പാവകൾ വരെ സ്റ്റെഫാനിയുടെ പക്കലുണ്ട്. ബോക്സുകളിൽ സൂക്ഷിച്ചിരിക്കുന്ന പല പാവകളും സ്റ്റെഫാനി തുറന്ന് പോലും നോക്കിയിട്ടില്ല. പാവകളെ സൂക്ഷിക്കാനായി ഒരു മുറിയും സ്റ്റെഫാനി വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 13 അലമാരകളിലായാണ് ഈ പാവശേഖരം സൂക്ഷിച്ചിരിക്കുന്നത്. ഡയമണ്ട് ഡ്രീംസ്, പെപ്പർമിന്റ് ക്രഞ്ച് എന്നിവയുടെ പാവകളോട് സ്റ്റെഫാനിയ്ക്ക് അൽപം ഇഷ്ടക്കൂടുതലുണ്ട്. ഏറ്റവും വിലയേറിയത് 450 ഡോളറിന്റെ ഗ്രീക്ക് മിന്റ് കുതിര പാവയാണ്.

'ഈ മുറിയ്ക്ക് മാന്ത്രികശക്തിയുണ്ട്. ഇതിനുള്ളിൽ നിറയെ മഴവില്ലുകളും നിധിയുമാണ് - സ്‌റ്റെഫാനി പറയുന്നു.

പാവ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ദി പോണി റൂം എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സ്റ്റെഫാനി അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്.