rahul-gandhi

കോഴിക്കോട് : ഇടത് സർക്കാർ മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന കരാറാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനിയുമായി സർക്കാർ ഉണ്ടാക്കിയതെന്ന് കൊയിലാണ്ടിയിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. മത്സ്യത്തൊഴിലാളികളുമായി ചർച്ച ചെയ്യാതെ രഹസ്യമായാണ് കരാർ ഉണ്ടാക്കിയത്.

ബി.ജെ.പിയും സി.പി.എമ്മും വിഭജനത്തിന്റെ രാഷ്ട്രീയമാണ് പയറ്റുന്നത്. കോൺഗ്രസ് മുക്തഭാരതത്തിനായി മോദി ശ്രമിക്കുമ്പോൾ എൽ.ഡി.എഫ് ശ്രമിക്കുന്നത് കോൺഗ്രസ് മുക്ത കേരളത്തിനാണ്.

ഇടതുപക്ഷം സമൂഹത്തിൽ അക്രമവും വിദ്വേഷവും ഉണ്ടാക്കുന്നു. സൗഹാർദ്ദവും സമാധാനവുമാണ് കോൺഗ്രസിന്റെ ലക്ഷ്യം.

സമ്പദ്ഘടന മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കാൾ മാർക്‌സിന്റെ പുസ്തകങ്ങൾ പരിശോധിച്ചിട്ട് കാര്യമില്ല. സമ്പദ്ഘടന മെച്ചപ്പെടണമെങ്കിൽ ജനങ്ങളുടെ കൈയിൽ പണമെത്തണം. ഇതിനായി യു.ഡി.എഫ് ന്യായ് പദ്ധതി നടപ്പാക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സാധാരണക്കാരന് മിനിമം വേതനം അനുവദിക്കുന്ന പദ്ധതിയാണ് ന്യായ് യോജന. മാസം 6000 രൂപ തോതിൽ 72000 രൂപ നൽകും. ഇത് വ്യാവസായിക മേഖലയ്ക്കും വ്യാപാര മേഖലയ്ക്കും ഉണർവേകും. കേരളം അനുഭവിക്കുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നീ മൂന്ന് പ്രശ്നങ്ങൾ ന്യായ് പദ്ധതിയിലൂടെ പരിഹരിക്കപ്പെടും. കൊയിലാണ്ടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യൻ, പേരാമ്പ്ര സ്ഥാനാർത്ഥി സി.എച്ച്. ഇബ്രാഹിം കുട്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ, കെ.പി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.