sasi-tharoor

കോട്ടയം:ശബരിമല വിഷയം ഉയർത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി പ്രധാനമന്ത്രി കേരളത്തിൽ ശബരിമല വിഷയം ആവർത്തിക്കാൻ കാരണം മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താൻ വേണ്ടിയാണെന്നും ശശി തരൂർ വിമർശിച്ചു.

എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണെന്ന മോദിയുടെ പരാമർശം കേരളത്തെ കുറിച്ച് അറിയാത്തതിനാലാണ്. ചില കാര്യങ്ങളിൽ ബി.ജെ.പിക്കെതിരെ ഒരേ നിലപാടുണ്ടാകാം. പക്ഷേ കേരളത്തിൽ എൽ.ഡി.എഫിനെ ശക്തമായി എതിർക്കുന്നത് കോൺഗ്രസ് മാത്രമാണെന്നും തരൂർ പറഞ്ഞു. നേമം മണ്ഡലത്തിൽ ശക്തമായ ത്രികോണ മൽസരമാണ് നടക്കുന്നത്. ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് പ്രധാന മൽസരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി ശരണം വിളിച്ചതും വേദിയിലിരുന്നവരെക്കൊണ്ട് വിളിപ്പിച്ചതും ഏറെ വിവാദമായിരുന്നു. ഈ നടപടിക്കെതിരെ എൽ.ഡി.എഫ്-യു.ഡി.എഫ് നേതാക്കൾ ഒരു പോലെ രംഗത്തെത്തി. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ ശബരിമല വിഷയം ഉയർത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് വർഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചാണെന്നാരോപിച്ച് എസ്.ഡി.പി.ഐ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു.