gold-imports

കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി മാർച്ചിൽ കുറിച്ചത് 471 ശതമാനം വളർച്ച. 160 ടൺ സ്വർണമാണ് കഴിഞ്ഞമാസം ഇന്ത്യ വാങ്ങിയത്. എക്കാലത്തെയും ഉയർന്ന പ്രതിമാസ ഇറക്കുമതിയാണിത്. സ്വർണവില ഒരുവർഷത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തിയതും ഇറക്കുമതിച്ചുങ്കം കേന്ദ്രസർക്കാർ 12.5 ശതമാനത്തിൽ നിന്ന് 10.75 ശതമാനമായി കുറച്ചതും ഇറക്കുമതി കൂടാൻ വഴിയൊരുക്കി. വിവാഹ സീസൺ മുന്നിൽക്കണ്ട് റീട്ടെയിൽ ഉപഭോക്താക്കൾ, ജുവലറിക്കാർ എന്നിവരിൽ നിന്ന് മികച്ച ഡിമാൻഡുണ്ടായതും ഇറക്കുമതിയിൽ പ്രതിഫലിച്ചു.

കഴിഞ്ഞ ആഗസ്‌റ്റിൽ രാജ്യാന്തര വിപണിവില ഔൺസിന് 2,072 ഡോളർ എന്ന റെക്കാഡ് കുറിച്ചിരുന്നു; ഇന്ത്യയിൽ ബുള്ള്യൻ വില (പത്ത് ഗ്രാം) 50,000 രൂപയും കടന്നു. കേരളത്തിൽ പവൻ വില 42,000 രൂപയിലും എത്തിയിരുന്നു. എന്നാൽ, കഴിഞ്ഞമാസം രാജ്യാന്തരവില ഒരുവർഷത്തെ താഴ്‌ചയായ 1,650 ഡോളർ നിലവാരത്തിലേക്ക് താഴ്‌ന്നു. ബുള്ള്യൻ വില 43,320 രൂപയിലും പവൻവില 32,880 രൂപയിലും എത്തിയത് ഇറക്കുമതി വളർച്ചയ്ക്ക് തുണയായി.

വ്യാപാരക്കമ്മി കൂടുമെന്നതിനാൽ സ്വർണം ഇറക്കുമതി വർദ്ധനയെ ആശങ്കയോടെയാണ് കേന്ദ്രസർക്കാരും റിസർവ് ബാങ്കും കാണുക. കമ്മിഭാരം കൂടിയാൽ സ്വർണം ഇറക്കുമതിക്ക് വീണ്ടും നിയന്ത്രണമേർപ്പെടുത്താൻ ഇവർ ശ്രമിച്ചേക്കും. കയറ്റുമതിയും ഇറക്കുമതിയും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി.

321 ടൺ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) അവസാനപാദമായ ജനുവരി-മാർച്ചിൽ സ്വർണം ഇറക്കുമതി 321 ടണ്ണാണ്. 2019-20ലെ സമാനപാദത്തിൽ ഇറക്കുമതി 124 ടണ്ണായിരുന്നു.

$840 കോടി

കഴിഞ്ഞമാസത്തെ സ്വർണം ഇറക്കുമതിച്ചെലവ് 840 കോടി ഡോളർ. 2020 മാ‌ർച്ചിൽ ചെലവ് 123 കോടി ഡോളർ മാത്രമായിരുന്നു.

ലോക്ക്ഡൗൺ ഭീതി

കൊവിഡ് കേസുകൾ കൂടുന്ന സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ഭയം വിപണിയിലുണ്ട്. ഈമാസത്തെ സ്വർണം ഇറക്കുമതി 100 ടണ്ണിനും താഴെ ആയിരിക്കാനാണ് സാദ്ധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.