യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലുകൾക്ക് ഇന്ന് തുടക്കം
ക്വാർട്ടർ ഫിക്സ്ചർ
മാഞ്ചസ്റ്റർ സിറ്റി Vs ബൊറൂഷ്യ ഡോർട്ട്മുണ്ട്
റയൽ മാഡ്രിഡ് Vs ലിവർപൂൾ
(ഇന്ന് രാത്രി 12.30 മുതൽ )
ബയേൺ മ്യൂണിക്ക് Vs പി.എസ്.ജി
പോർട്ടോ vs ചെൽസി
( നാളെ രാത്രി 12.30 മുതൽ )
ലണ്ടൻ : യൂറോപ്യൻ ക്ളബ് ഫുട്ബാളിലെ ചക്രവർത്തിപ്പട്ടംത്തേടിയുള്ള ക്ളബുകളുടെ തേരോട്ടം ക്വാർട്ടറിന്റെ പടിയിലേക്കെത്തുന്നു. ഇന്ന് തുടങ്ങുന്ന ആദ്യപാദ ക്വാർട്ടർ ഫൈനലുകളിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും മുൻ ചാമ്പ്യന്മാരായ ലിവർപൂളും റയൽ മാഡ്രിഡുമുൾപ്പടെ എട്ട് വമ്പൻ ടീമുകൾ മാറ്റുരയ്ക്കും.
സ്പാനിഷ് ലാ ലിഗ ചാമ്പ്യന്മാരായ റയലും ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും തമ്മിലുള്ള പോരാട്ടമാണ് ആരാധകർ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബയേൺ ചാമ്പ്യൻസ് ലീഗ് നേടുന്നതിന് മുമ്പ് ലിവർപൂളായിരുന്നു ചാമ്പ്യന്മാർ.അതിന് മുമ്പ് റയൽ മാഡ്രിഡും. കടലാസിലെ ഈ വമ്പ് ഈ സീസണിൽ തുടരാൻ ഇരുവർക്കും കഴിഞ്ഞിട്ടില്ലെന്നത് വേറെ കാര്യം. പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ക്ളബ് അറ്റ്ലാന്റയെ ഇരുപാദങ്ങളിലും തോൽപ്പിച്ചാണ് റയൽ അവസാന എട്ടിലേക്ക് എത്തിയത്. ആദ്യ പാദത്തിൽ 1-0ത്തിനും രണ്ടാം പാദത്തിൽ 3-1നുമായിരുന്നു ജയം.ലിവർപൂൾ ജർമ്മൻ ക്ളബ് ആർ.ബിലെയ്പ്സിഗിനെതിരെ ഇരുപാദങ്ങളിലും 2-0 എന്ന മാർജിനിൽ വിജയിച്ചു. ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദം റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ് അരങ്ങേറുക.
പ്രിമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തണിപ്പോൾ ലിവർപൂൾ. സീസണിൽ 30 മത്സരങ്ങൾ കളിച്ചപ്പോൾ ജയിക്കാൻ കഴിഞ്ഞത് 14 എണ്ണത്തിൽ മാത്രം. ഒൻപത് കളികളിൽ തോൽക്കുകയും ഏഴെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്തു യൂർഗൻ ക്ളോപ്പിന്റെ ടീം.കഴിഞ്ഞ ഡിസംബർ അവസാനംവരെ പ്രിമിയർ ലീഗിൽ മുന്നിൽ നിന്നിരുന്നവരാണ് ലിവർപൂൾ. പുതു വർവഷത്തിലെ തുടർതോൽവികളാണ് താളം തെറ്റിച്ചുകളഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ആഴ്സനലിനെ 3-0ത്തിന് തകർത്തതിലൂടെ ആത്മവിശ്വാസത്തിലേക്ക് തിരികെയെത്തിയിട്ടുണ്ട്.
റയലും അത്ര മികച്ച ഫോമിലാണെന്ന് പറയാനാവില്ല. സ്പാനിഷ് ലാ ലിഗയിൽ 28 മത്സരങ്ങൾ പിന്നിട്ടപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. മികച്ച ഫോമിലുള്ള ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയാണ് ടീമിന്റെ ആശ്രയം.അതേസമയം കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ സ്പെയ്നിന് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ നായകൻ സെർജിയോ റാമോസിന്റെ അഭാവം റയൽ നിരയിൽ നിഴലിക്കുമെന്നുറപ്പാണ്.
ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഇക്കുറി കിരീടപ്രതീക്ഷയുമായി പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റി ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെയാണ് നേരിടുന്നത്.പ്രിമിയർ ലീഗിൽ 30മത്സരങ്ങളിൽ 22എണ്ണവും ജയിച്ച് 71 പോയിന്റുമായാണ് സിറ്റി ഒന്നാമത് നിൽക്കുന്നത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 14 പോയിന്റിന്റെ ലീഡുണ്ട് സിറ്റിക്ക്. ബൊറൂഷ്യ ജർമ്മൻ ബുണ്ടസ് ലീഗയിൽ അഞ്ചാം സ്ഥാനത്താണ്. സീസണിലെ 27 മത്സരങ്ങളിൽ 13 എണ്ണത്തിൽ മാത്രമേ ജയിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
പ്രീക്വാർട്ടറിൽ സ്പാനിഷ് ക്ളബ് സെവിയ്യയ്ക്ക് എതിരെ ആദ്യ പാദത്തിൽ നേടിയ വിജയമാണ് ബൊറൂഷ്യയ്ക്ക് ക്വാർട്ടറിലേക്ക് വാതിൽ തുറന്നത്.എവേ ഗ്രൗണ്ടിൽ 3-2നായിരുന്നു ബൊറൂഷ്യയുടെ വിജയം.ഹോം ഗ്രൗണ്ടിൽ 2-2ന് സമനില വഴങ്ങി.മാഞ്ചസ്റ്റർ സിറ്റി മറ്റൊരു ജർമ്മൻ ക്ളബ് ബൊറൂഷ്യ മോൺഷംഗ്ളാബാഷിനെ പ്രീക്വാർട്ടറിന്റെ ഇരുപാദങ്ങളിലും തോൽപ്പിച്ചാണ് ക്വാർട്ടറിൽ കടന്നത്. രണ്ടുവട്ടവും മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം.
നാളെ നടക്കുന്ന ക്വാർട്ടർ പോരാട്ടങ്ങളിൽ ഇംഗ്ളീഷ് ക്ളബ് ചെൽസി പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയെയും നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്ക് ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയെയെയും നേരിടും.