kodiyeri

തലശ്ശേരി: മുഖ്യമന്ത്രിയെ ജാമ്യമില്ലാ വകുപ്പിൽ കള്ളക്കേസിൽ കുടുക്കി അറസ്റ്റുചെയ്യാൻ കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറക്കുന്നതായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മന്ത്രി കെ.ടി. ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും സമാനമായി ആസൂത്രിത നീക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തലശ്ശേരിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എൻ. ഷംസീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ടൗൺ ഹാളിൽ സംഘടിപ്പിച്ച കുടുംബ, സൗഹൃദകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരും ഇടതുപക്ഷവും ഇത്തരം ഏജൻസികളെ ഭയപ്പെട്ട് നിൽക്കുന്നവരല്ലെന്നും ഇവർക്ക് മുന്നിൽ കീഴടങ്ങില്ലെന്നും കോടിയേരി ഓർമ്മിപ്പിച്ചു. വർഗീയ ശക്തികളെ തുരത്തി മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന തിരഞ്ഞെടുപ്പാണിത്. ഒരുതരം വർഗീയതയ്ക്കും ഈ മണ്ണിൽ സ്ഥാനമുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു. നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. എം.സി. പവിത്രൻ, മുഹമ്മദ് റിയാസ്, നാലകത്ത് റഹൂഫ്, എ.എൻ. അബ്ദുൽ സലാം, എ.എൻ. അബ്ദുൾ ലത്തീഫ്, എ.കെ. അബ്ദുൽ റഹ്മാൻ, എ.വി. ഹാഷിം, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു, നഗരസഭാംഗങ്ങളായ എൻ. രേഷ്മ, ഷബാന തുടങ്ങിയവർ പങ്കെടുത്തു.