damani

 ഇന്ത്യയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഇടപാട്

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ പ്രോപ്പർ‌ട്ടി ഇടപാടെന്ന പെരുമയോടെ, മുംബയ് മലബാർ ഹിൽസിലെ നാരായൺ ദഭോൽകർ മാർഗിലുള്ള 1.5 എക്കറിലെ 60,000 ചതുരശ്ര അടി ഭവന പദ്ധതി 1,001 കോടി രൂപയ്ക്ക് സ്വന്തമാക്കി ശതകോടീശ്വരനും ഡി-മാർട്ട് സ്ഥാപകനുമായ രാധാകിഷൻ ദമാനി. സ്‌റ്റാമ്പ് ഡ്യൂട്ടിയായി മാത്രം 30 കോടി രൂപയാണ് ദമാനിയുടെ കുടുംബഓഫീസ് അടച്ചത്.

അവന്യൂ സൂപ്പർമാർട്ട്‌സിന്റെയും സ്ഥാപകനായ രാധാകിഷൻ ദമാനി, ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികപ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനാണ്. അനുജൻ ഗോപീകിഷൻ ദമാനിയുമായി ചേർന്നാണ് അദ്ദേഹം 'മധുകുഞ്ജ്" എന്ന ബംഗ്ളാവ് സ്വന്തമാക്കിയത്. ബംഗ്ളാവ്, കുടുംബവസതിയായി ഉപയോഗിക്കുമോ അതോ പൊളിച്ച് ആധുനികരീതിയിൽ മറ്റൊന്ന് നിർമ്മിക്കുമോ എന്നകാര്യത്തിൽ വ്യക്തതയില്ല.

പുരചന്ദ് റോയ്ചന്ദ് ആൻഡ് സൺസ് എൽ.എൽ.പി., പരേഷ്ചന്ദ് റോയ്ചന്ദ് ആൻഡ് സൺസ് എൽ.എൽ.പി., പ്രേംചന്ദ് റോയ്ചന്ദ് ആൻഡ് സൺസ് എൽ.എൽ.പി എന്നിവരിൽ നിന്ന് ദമാനി ബംഗ്ലാവ് വാങ്ങിയത്. രണ്ടുമാസത്തിനിടെ ദമാനി കുടുംബം നടത്തുന്ന മൂന്നാമത്തെ വമ്പൻ പ്രോപ്പർട്ടി ഇടപാടാണിത്. അടുത്തിടെ താനെയിലെ കാഡ്ബറി ഇന്ത്യയുടെ ഓഫീസ് 250 കോടി രൂപയ്ക്കും മുംയിൽ വാധ്വാ ഗ്രൂപ്പിന്റെ നിർമ്മാണത്തിലുള്ള റിയൽ എസ്‌റ്റേറ്റ് പദ്ധതി 113 കോടി രൂപയ്ക്കും ദമാനി വാങ്ങിയിരുന്നു.

ഇന്ത്യൻ ബിസിനസ് ലോകത്തെ ഒട്ടേറെ പ്രമുഖരുടെ ബംഗ്ളാവുകൾ സ്ഥിതിചെയ്യുന്ന സ്ഥലമാണ് മലബാർ ഹിൽസ്. ഗോദ്‌റെജ് കുടുംബത്തിന്റെ 372 കോടി രൂപയുടെയും പൂനാവാലാ ഗ്രൂപ്പ് മേധാവി സൈറസ് പൂനാവാലായുടെ 750 കോടി രൂപയുടെയും ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർലയുടെ 425 കോടി രൂപയുടെയും വീടുകൾ ഇവിടെയാണ്.