അക്ഷർ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു
മുംബയിൽ കൊവിഡ് പടരുന്നു
മുംബയ്: കഴിഞ്ഞ സീസണിലെപ്പോലെ ഇത്തവണയും ഇന്ത്യൻ പ്രിമിയർ ലീഗിനെ കൊവിഡ് ഭീതി വിട്ടൊഴിയുന്നില്ല. ഡൽഹി ക്യാപിറ്റൽസിന്റെ സൂപ്പർ താരം അക്ഷർ പട്ടേലിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു.
ഇത്തവണത്ത ഐ.പി.എല്ലിന്റെ ഒരു വേദിയായി നിശ്ചയിച്ചിരിക്കുന്ന മുംബയിൽ കൊവിഡ് പടരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഐ.പി.എല്ലിന് ഒരാഴ്ച കഷ്ടിച്ച് അവശേഷിക്കേ വേദിമാറ്റത്തിന്റെ സാധ്യത പോലും ഐ.പി.എൽ ഗവേണിംഗ് ബോഡി പരിഗണിക്കുന്നുണ്ട്. ഇന്ത്യയിലെ കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ തവണ ദുബായിലാണ് ഐ.പി.എൽ നടത്തിയത്.
അക്ഷർ
പോസിറ്രീവ്
കഴിഞ്ഞ ദിവസമാണ് അക്ഷർ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ച വിവരം ഡൽഹി ക്യാപിറ്റൽസ് അധികൃതർ പുറത്തുവിട്ടത്. അദ്ദേഹം ഐസൊലേഷനിലാണെന്നും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചതായും ഡൽഹി ക്യാപിറ്റൽസിന്റെ അധികൃതർ അറിയിച്ചു.
ഇന്ത്യ -ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കിടെ നായകൻ ശ്രേയസ് അയ്യർക്ക് പരിക്കേറ്റതിന്റെ ആഘാതത്തിലിരിക്കുന്ന ഡൽഹിക്ക് അക്ഷറിന് കൊവിഡ് സ്ഥിരീകരിച്ചത് വലിയ തിരിച്ചടിയായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണയ്ക്കാണ് ഈ സീസണിന് മുമ്പ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിൽ നിന്ന് മുക്തനായ അദ്ദേഹം പരിശീലനം തുടങ്ങി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ സപ്പോർട്ടിംഗ് സ്റ്റാഫിലുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊവിഡ് പോസിറ്റീവാകുന്ന താരം ബി.സി.സി.ഐ നടപടിക്രമം അനുസരിച്ച് ബയോ സെക്യുർ ബബിളിനു പുറത്തുള്ള പ്രത്യേക സ്ഥലത്ത് ഐസൊലേഷനിൽ കഴിയണം. രോഗ ലക്ഷണങ്ങൾ കാണുന്ന തീയതി മുതലോ സാമ്പിൾ എടുക്കുന്ന തീയതി മുതലോ 10 ദിവസത്തേക്കാണ് താരം ഐസൊലേഷനിൽ കഴിയേണ്ടത്. ഈ സമയത്ത് താരം പൂർണമായും വിശ്രമിക്കുകയും വ്യായാമങ്ങൾ ഒഴിവാക്കുകയും വേണം.
മുംബയിൽ
പ്രതിസന്ധി
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കൂടിവരുന്നത് ഐ.പി.എൽ അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇത്തവണത്തെ ഐ.പി.എൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ആറ് വേദികളിൽ ഒന്നാണ് മുംബയ്. മുംബയിലെ വാങ്കഡേ സ്റ്റേഡിയത്തിലെ 10 ഗ്രൗണ്ട്സ്മാൻമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഈമാസം 10ന് ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം ഇവിടെ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.
ഏപ്രിൽ 10നും 25നും ഇടയ്ക്ക് പത്തോളം മത്സരങ്ങളാണ് ഇവിടെ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. കൊവിഡ് കേസുകൾ കൂടുകയാണെങ്കിൽ മുംബയിൽ നടത്തേണ്ട മത്സരങ്ങൾ റിസർവ് വേദികളായി പരിഗണിക്കുന്ന ഹൈദരാബാദിലേക്കോ ഇൻഡോറിലേക്കോ മാറ്റിയേക്കും.