ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ചെൽസിയെ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ അട്ടിമറിച്ചു. രണ്ടിനെതിരെ അഞ്ചുഗോളുകൾക്കാണ് വെസ്റ്റ് ബ്രോംവിച്ച് ചെൽസിക്ക് കടിഞ്ഞാണിട്ടത്.14 മത്സരങ്ങളിൽ തോൽവി അറിയാതുള്ള ചെൽസിയുടെ അപരാജിത കുതിപ്പിനാണ് അവസാനമായത്. പുതിയ കോച്ചായി ചുമതലയേറ്റ തോമസ് ട്യുഷ്യലിന്റെ കീഴിൽ ചെൽസിയുടെ ആദ്യ തോൽവിയാണിത്. അദ്ദേഹത്തെ കഴിഞ്ഞ.മാസത്തെ ഏറ്റവും മികച്ച കോച്ചായി പ്രിമിയർ ലീഗ് അധികൃതർ തിരഞ്ഞെടുത്തിരുന്നു.
തോൽവിയോടെ ചെൽസിയുടെ കിരീട പ്രതീക്ഷകൾക്കും മങ്ങലേറ്റു. കല്ലും റോബിൻസണും പെരേരയും വെസ്റ്റ് ബ്രോമിർനായി രണ്ട് ഗോൾ വീതം നേടി. ഡിയാഗ്നെ ഒരു തവണ ലക്ഷ്യം കണ്ടു. പുലിസിച്ചും മൗണ്ടുമാണ് ചെൽസിയുടെ സ്കോറർമാർ. തിയാഗോ സിൽവ 29-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരുമായി കളിക്കേണ്ടിവന്നതും ചെൽസിക്ക് തിരിച്ചടിയായി.
27-ാം മിനിട്ടിൽ പുലിസിച്ചിലൂടെ ചെൽസിയാണ് ലീഡെടുത്തത്. എന്നാൽ രണ്ട് മിനിട്ടിനുള്ളിൽ പരിചയ സമ്പന്നനായ ഫുൾബാക്ക് തിയാഗോ സിൽവ ചുവപ്പ് കാർഡ് കണ്ടത് നീലപ്പടയ്ക്ക് പ്രതിസന്ധിയാവുകയായിരുന്നു. ഒന്നാം പകുതിയുടെ അധിക സമയത്ത് ഒന്നിനു പിറകെ ഒന്നെന്ന തോതിൽ രണ്ട് ഗോൾ നേടി പെരേര വെസ്റ്റ് ഹാമിന് അപ്രതീക്ഷിത ലീഡ് നേടിക്കൊടുക്കുകയായിരുന്നു. രണ്ടാം പകുതിയിലും മികച്ച ആക്രമണം നടത്തിയ വെസ്റ്റ് ബ്രോമിന്റെ അക്കൗണ്ടിൽ 63-ാം മിനിട്ടിൽ റോബിൻസൺ മൂന്നാം ഗോൾ നിക്ഷേപിച്ചു. നാല് മിനിട്ടിനുള്ളിൽ ഡിയാഗ്നെ നാലാം ഗോളും നേടി. 71-ാം മിനിട്ടിൽ മേസൻ ഒരു ഗോൾ തിരിച്ചടിച്ച് ചെൽസിക്ക് നേരിയ പ്രതീക്ഷ നൽകിയെങ്കിലും നിറഞ്ഞാടിയ വെസ്റ്റ് ബ്രോമിന് മുന്നിൽ പിന്നീട് നീലപ്പടയുടെ നീക്കങ്ങളൊന്നും ഫലം കണ്ടില്ല.കളിതീരാറാകവെ രണ്ടാം പകുതിയുടെ അധിക സമയയത്ത് 91-ാം മിനിട്ടിൽ റോബിൻസൺ വെസ്റ്റ് ബ്രോമിന്റെഅഞ്ചാം ഗോളും നേടി ചെൽസിയെ വലിയ തോൽവിയിലേക്ക് തള്ളി വിടുകയായിരുന്നു. ചെൽസി നാലാം സ്ഥാനത്ത് തുടരുമ്പോൾ 19-ാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോം ഇപ്പോഴും തരംതാഴ്ത്തൽ ഭീഷണിയിലാണ്.
റയലിന് ജയം
മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് എയ്ബറിനെ വീഴ്ത്തി.
ജയത്തോടെ ബാഴ്സലോണയെ മറികടന്ന് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്താനും റയലിനായി. മാർക്കോ അസൻസിയോയും കരിം ബെൻസേമയുമാണ് റയലിനായി ലക്ഷ്യം കണ്ടത്.