1

നെയ്യാറ്റിൻകര: മുൻ വൈരാഗ്യത്തിന്റെ പേരിൽ നെയ്യാറ്റിൻകര ടി.ബി ജംഗ്ഷൻ ചന്തയിൽ യുവാവിന് നേരെ ആക്രമണം. വ്യാപാരിയും ഊരൂട്ടുകാല സ്വദേശിയുമായ സജീവിനെയാണ് (42) ഒരു സംഘം ക്രൂരമായി മർദ്ദിച്ചത്. തലയ്‌ക്ക് സാരമായ പരിക്കേറ്റ ഇയാളെ വ്യാപാരികൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ശനിയാഴ്ച പുലർച്ചെ 12ഓടെയായിരുന്നു സംഭവം. ചന്തയിലെത്തിയ സജീവിനോട് കമ്മീഷൻ ഏജന്റായ എസ്.എഫ്.കെ നിസാമും കൂട്ടാളികളായ നൗഷാദ്, അസീസ്, അബൂതാഹൂർ എന്നിവർ പ്രകോപനപരമായി സംസാരിക്കുകയും മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. പിന്നീട് ഹോളോബ്രിക്‌സ് ഉപയോഗിച്ച് തലയ്‌ക്കടിച്ച് പരിക്കേല്പിച്ചെന്ന് വ്യാപാരികൾ പറഞ്ഞു. ഈ സമയത്ത് ചന്തയിൽ ആളുകൾ കുറവായിരുന്നു. സജീവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ വ്യാപാരികൾ തടയാൻ ശ്രമിച്ചെങ്കിലും നിസാമും സംഘവും പിന്മാറിയില്ല. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി നാലുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ജീപ്പിലേക്ക് കയറ്റി. എന്നാൽ സ്ഥലത്തെത്തിയ മറ്റൊരാളുമായി സംസാരിച്ച ശേഷം പൊലീസ് ഇവരെ വിട്ടയയ്‌ക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന വ്യാപാരികൾ ഇതിൽ പ്രതിഷേധം അറിയിച്ചെങ്കിലും പ്രതികളെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് മടങ്ങി. പ്രതികളെ ഉടൻ അറസ്റ്റുചെയ്‌തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സജീവിന്റെ ഭാര്യ ഖദീജ വൈകിട്ടോടെ ചന്തയിൽ സമരം നടത്തി. കർശന നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.