ഡൽഗോണ കോഫി, ന്യൂടെല്ല ബിരിയാണി, ച്യവാൻപ്രാഷ് ഐസ്‌ക്രീം എന്നിവ സോഷ്യൽ മീഡിയ ഏറ്റെടുത്തതിനുശേഷം, ഇത് ഇപ്പോൾ വളരെ വിചിത്രമായ ഒരു പുതിയൊരു വിഭവത്തെപ്പറ്റിയാണ് ലോകത്തെ ഭക്ഷണപ്രേമികൾ ചർച്ചചെയ്യുന്നത്. കേൾക്കുമ്പോൾ തന്നെ കൗതുകമുണർത്തുന്ന ഈ വിഭവത്തിന്റെ പേര് ഡീപ്-ഫ്രൈഡ് വാട്ടർ എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വെളളംതന്നെയാണ് ഇവിടുത്തെ പ്രധാന ചേരുവ.
കാൽസ്യം അൽജിനേറ്റ് എന്ന രാസവസ്തു ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. കാൽസ്യം ക്ലോറൈഡ്, സോഡിയം അൽജിനേറ്റ് തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ജെലാറ്റിൻ പോലുളള പദാർത്ഥമാണിത്. ഇത് ജലത്തെ ഭക്ഷ്യയോഗ്യമായ ദ്രാവക സ്തരമാക്കി മാറ്റാൻ സഹായിക്കുന്നു. അതിൽ വെള്ളം നിറച്ച് ആഴത്തിൽ വറുത്താണ് ഡീപ്-ഫ്രൈഡ് വാട്ടർ തയ്യാറാക്കുന്നത്.
കേൾക്കുമ്പോൾ ഈ വിഭവത്തിന്റെ തയ്യാറാക്കൽ തികച്ചും നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും, നിങ്ങൾ ഇത് വീട്ടിൽ പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് വളരെ അപകടകരമാണ്. ഇവ തയ്യാറാക്കുമ്പോൾ എണ്ണവും വെളളവും കൂടിച്ചേരാൻ പാടില്ല. ദ്രാവക സ്തരത്തിൽ നിന്നുളള ചോർച്ച പൊട്ടിത്തെറിക്ക് കാരണമാകും.
ഡീപ്പ്-ഫ്രൈഡ് വാട്ടറിന്റെ തയ്യാറാക്കൽ ആദ്യമായി ശ്രദ്ധ നേടിയത് 2016ൽ ജൊനാതൻ മാർക്കസ് എന്ന യൂട്യൂബറുടെ ചാനലിലൂടെയാണ്. ശേഷം 2020 ഡിസംബറിൽ 'ദി ആക്ഷൻ ലാബ്' എന്ന ചാനലിൽ ജയിംസ് ഓർഗിൽ ഈ വിഭവം ആദ്യ പരിശ്രമത്തിൽ തന്നെ വിജയകരമായി തയ്യാറാക്കിയിരുന്നു.