കൽപ്പറ്റ: എൽ.ഡി.എഫ് സർക്കാരിനെതിരെ നുണക്കഥകൾ മെനയുന്ന യന്ത്രമായി കേരളത്തിലെ കോൺഗ്രസ് മാറിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
രമേശ് ചെന്നിത്തലയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന നുണയന്ത്രത്തിന്റെ ചാർജർ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ വീട്ടിലാണ്. എല്ലാ ദിവസവും കാലത്ത് ചെന്നിത്തല പുതിയ നുണകൾ മെനയും. അത് തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പിൽ വിളമ്പും. ഇത്തരം നുണകൾ ആവർത്തിച്ച് രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കൾ അബദ്ധത്തിലാകരുത്.
എട്ട് സംസ്ഥാനങ്ങളിൽ ബി.ജെ.പിക്കെതിരെ ജനങ്ങൾ വോട്ട് ചെയ്തു. പക്ഷേ മാർക്കറ്റിലെ പച്ചക്കറി പോലെ ബി.ജെ.പിക്കാർ കോൺഗ്രസ് എം.എൽ.എമാരെ വിലക്കെടുത്തെന്നും അവർ കുറ്റപ്പെടുത്തി.